യു.എസില്‍ കൊവിഡ് മരണം 1,10,000
വാഷിങ്ടണ്‍: കൊവിഡ് നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ വംശവിവേചനത്തിനെതിരായ പോരാട്ടത്തിന് ജനം തെരുവിലിറങ്ങിയ അമേരിക്കയില്‍ ശനിയാഴ്ചയോടെ കൊവിഡ് മരണനിരക്ക് 1,10,000 കടന്നു. 19,20,061 പേര്‍ക്ക് രാജ്യത്ത് വൈറസ് ബാധിച്ചിട്ടുണ്ട്. ഇതില്‍ ഒരാഴ്ചയ്ക്കിടെ മരിച്ചത് 5,862 പേരാണ്.
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ പൊലിസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു കുറ്റംചുമത്തിയിട്ടുണ്ടെങ്കിലും രാജ്യത്തെ കറുത്തവര്‍ഗക്കാരോടുള്ള വിവേചനത്തിനെതിരായ പ്രക്ഷോഭമായി പ്രതിഷേധം കത്തിപ്പടരുകയാണ്. കൊവിഡ് വ്യാപനത്തിനിടയിലും ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ശനിയാഴ്ച വൈറ്റ്ഹൗസിലേക്കു നടന്ന മാര്‍ച്ചില്‍ പങ്കെടുത്തു.
യു.എസിനു പുറത്തും പ്രതിഷേധ റാലികള്‍ നടന്നുവരുകയാണ്. പൊലിസ് ഭീകരതയ്‌ക്കെതിരായ പ്രതിഷേധം പടരുന്നത് കൊവിഡ് വ്യാപനത്തിന് ആക്കംകൂട്ടുമെന്ന് ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക് പറഞ്ഞു. വിവേചനത്തിനും അസമത്വത്തിനുമെതിരായ പ്രതിഷേധത്തോട് തനിക്ക് പൂര്‍ണ യോജിപ്പാണുള്ളതെന്നും എന്നാല്‍ നിയമം ലംഘിച്ച് വന്‍ ജനക്കൂട്ടമുണ്ടാവുമ്പോള്‍ വൈറസ് അവരോട് വിവേചനം കാണിക്കില്ലെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളോയിഡിനു വേണ്ടി ലണ്ടനിലും വന്‍ പ്രതിഷേധറാലികള്‍ നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ബ്രിട്ടനില്‍ കൊവിഡ് മരണം 40,000 കടന്നിരിക്കുകയാണ്.
ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിലും കൊവിഡ് നിയന്ത്രണംവിട്ട് വ്യാപിക്കുകയാണ്. അവിടെ 6,73,000 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 36,000ത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥ മരണനിരക്ക് ബ്രസീല്‍ ഭരണകൂടം മറച്ചുവയ്ക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വൈറസ് ബാധിതര്‍, മരണം എന്നിവ സംബന്ധിച്ച കണക്കുകള്‍ വെബ്‌സൈറ്റില്‍ നിന്നും ആരോഗ്യമന്ത്രി നീക്കം ചെയ്തിരിക്കുകയാണ്. പഴയ വിവരങ്ങളും ഒഴിവാക്കിയിട്ടുണ്ട്. വര്‍ധിച്ച കണക്കുകള്‍ രാജ്യത്തെ യഥാര്‍ഥ ചിത്രം നല്‍കുന്നതല്ലെന്ന് ഇതിനെ ന്യായീകരിച്ച് പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോ ട്വിറ്ററിലൂടെ പറഞ്ഞു. ബ്രസീല്‍ വെബ്‌സൈറ്റിലെ പുതിയ കൊവിഡ് പേജില്‍ 24 മണിക്കൂറിലെ കണക്കുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
ജോണ്‍ ഹോകിന്‍സ് യൂനിവേഴ്‌സിറ്റിയുടെ കണക്കനുസരിച്ച് ലോകത്തെ കൊവിഡ് മരണം നാലുലക്ഷം കടന്നിട്ടുണ്ട്. 69,16,233 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ചില രാജ്യങ്ങള്‍ രോഗവ്യാപനത്തിന്റെയും മരണത്തിന്റെയും യഥാര്‍ഥ കണക്ക് മറച്ചുവച്ചിരിക്കെയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."