വിവാദ പരാമര്‍ശം: കമലിനെതിരേ മുതിര്‍ന്ന താരങ്ങള്‍ മന്ത്രിക്ക് പരാതി നല്‍കി
തിരുവനന്തപുരം: അമ്മയുടെ കൈനീട്ടം വാങ്ങുന്നതിനെ പരിഹസിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരേ മുതിര്‍ന്ന സിനിമാ താരങ്ങള്‍.
കമലിന്റെ അനുചിതമായ പരാമര്‍ശത്തിനെതിരേ താരങ്ങള്‍ മന്ത്രി എ.കെ ബാലന് അടുത്തെത്തിയതോടെ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞാണ് കമല്‍ തടിയൂരിയത്.
അമ്മയുടെ ഔദാര്യത്തിനായി കൈനീട്ടി നില്‍ക്കുന്നവരെന്നായിരുന്നു താരങ്ങളെക്കുറിച്ച് കമലിന്റെ പരാമര്‍ശം. ഇതിനെതിരേ മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത എന്നിവരാണ് മന്ത്രിക്ക് പരാതി നല്‍കിയത്. ദശാബ്ദങ്ങളായി മലയാള സിനിമയില്‍ അഭിനേതാക്കളായി പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. എത്രയോ കഥാപാത്രങ്ങളെ തിരശീലയില്‍ അവതരിപ്പിച്ചു. ആ വേഷപകര്‍ച്ചകളിലൂടെ കേരളത്തിന്റെ സാംസ്‌ക്കാരിക ജീവിതത്തില്‍ ഞങ്ങളുടെ സാന്നിധ്യവും എളിയ രീതിയില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആ നിലയില്‍ തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ തങ്ങളെ കാണുന്നതും സ്‌നേഹിക്കുന്നതും.
താരസംഘടനയായ അമ്മ മാസം തോറും നല്‍കുന്ന കൈനീട്ടത്തെ ഔദാര്യമായല്ല കാണുന്നത്. അത് ഒരു സ്‌നേഹസ്പര്‍ശമാണ്. തുകയുടെ വലിപ്പത്തേക്കാള്‍ അത് നല്‍കുന്നതില്‍ നിറയുന്ന സ്‌നേഹവും കരുതലുമാണ് അത് കൈപ്പറ്റുന്ന ഓരോരുത്തര്‍ക്കും കരുത്താകുന്നതും തണലാകുന്നതുമെന്ന് അവര്‍ മന്ത്രിക്ക് നലകിയ കത്തില്‍ പറഞ്ഞു. അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാള്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത് ഞെട്ടിക്കുകയാണ്.
ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ചികിത്സയും മരണാനന്തര സഹായങ്ങളും പെന്‍ഷനും അക്കാദമി നല്‍കുന്നുണ്ട്. ഇതെല്ലാം താന്‍ നല്‍കുന്ന ഔദാര്യമായും അത് വാങ്ങുന്നവരെ തനിക്ക് മുന്‍പില്‍ കൈനീട്ടി നില്‍ക്കുന്ന അടിയാളന്മാരുമായിട്ടായിരിക്കാം കമല്‍ കാണുന്നത്. കമലിനോട് തെറ്റ് തിരുത്തണമെന്നോ ഖേദം പ്രകടിപ്പിക്കണമെന്നോ പറയുന്നില്ല.
35 വര്‍ഷത്തെ സിനിമാനുഭവം ഉണ്ടെന്ന് പറയുന്ന അദ്ദേഹത്തെ വ്യക്തമായി അറിയാമെന്നും മന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. 500 അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരേ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണ്.
അതിനാല്‍ ഒരിക്കലും അമ്മയില്‍ ജനാധിപത്യം ഉണ്ടാവില്ലെന്നായിരുന്നു കമലിന്റെ പരാമര്‍ശം. അതേസമയം, വിവാദമായതിനെ തുടര്‍ന്ന് കമല്‍ ഖേദം പ്രകടിപ്പിച്ചു.
മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാനായല്ല താന്‍ പ്രതികരിച്ചതെന്നും കമല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."