കൊവിഡ് മുക്തം; ലോകത്തിന്റെ നെറുകയില്‍ ന്യൂസിലന്‍ഡും ജെസീന്തയും
വെല്ലിംഗ്ടണ്‍: ജെസീന്ത ആര്‍ഡേന്റെ പ്രധാനമന്ത്രി പദത്തിന് ഒരു പൊന്‍തൂവല്‍ കൂടി. ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരി ന്യൂസിലന്‍ഡിനെ പൂര്‍ണമായും വിട്ടൊഴിഞ്ഞു. അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ 17 ദിവസം ന്യൂസിലാന്റില്‍ പുതിയ കൊവിഡ് രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന 50 വയസ്സുകാരി രോഗം ഭേദമായി ആശുപത്രി വിട്ടതോടെയാണ് സമ്പൂര്‍ണ രോഗ മുക്തി നേടിയ രാജ്യമായി ന്യൂസിലാന്റ് മാറിയത്. കൊവിഡ് പ്രതിരോധത്തിലെ ന്യൂസിലാന്റിന്റെ നാഴികക്കല്ലാണ് ഈ നേട്ടം.
കൊവിഡിനെ പൊരുതി തോല്‍പ്പിച്ച ആദ്യ രാജ്യങ്ങളിലൊന്നായി ന്യൂസിലാന്‍ഡ് മാറുമെന്ന് നേരത്തെ തന്നെ പ്രധാനമന്ത്രി ജസീന്ത പറഞ്ഞിരുന്നു.
രാജ്യത്തേക്കുള്ള പ്രവേശനങ്ങളിലെ നിയന്ത്രണം ഒഴികെയുള്ള അവശേഷിക്കുന്ന എല്ലാ സാമൂഹിക അകലങ്ങളും സാമ്പത്തിക നിയന്ത്രണങ്ങളും നീക്കംചെയ്യുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ പിന്നീട് പ്രഖ്യാപിക്കും.
കൊവിഡ് മുക്തമായത് വലിയ നേട്ടം തന്നെയാണെന്നും എന്നാല്‍ ജാഗ്രത തുടരുമെന്നും ആരോഗ്യ ഡയറക്ടര്‍ ജനറല്‍ ഡോ. ആഷ്ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു.
ലോകത്തെ തന്നെ ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലാന്റ്. കൊവിഡ് കേസുകള്‍ 100 ല്‍ എത്തിയപ്പോള്‍ തന്നെ രാജ്യം കര്‍ശന ലോക്ക്ഡൗണ്‍ നടപ്പാക്കി. മാര്‍ച്ച് 23 ന് തുടങ്ങിയ ലോക്കഡൗണ്‍ 51 ദിവസം നീണ്ടുനിന്നു. ആരോഗ്യപരമായ കാര്യങ്ങള്‍ക്കും സൂപ്പര്മാര്ക്കറ്റുകളിലേക്കുമല്ലാതെ രാജ്യത്തെ പൗരന്മാരാരും പുറത്തിറങ്ങരുതെന്നായിരുന്നു നിര്‍ദ്ദേശം.
വെറും 1154 കൊവിഡ് കേസുകളാണ് ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണം 22 ല്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചതും ഈ കുഞ്ഞുരാജ്യത്തിന്റെ നേട്ടമാണ്. ഫെബ്രുവരിയിലായിരുന്നു വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് . തിങ്കളാഴ്ചവരെ 3,00,000 ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."