പ്രദീപ് മിശ്ര വധക്കേസ്: ആര്.ജെ.ഡി നേതാവ് ശഹാബുദ്ദീനെ കുറ്റവിമുക്തനാക്കി
ന്യൂഡല്‍ഹി: മുന്‍ ജംഷഡ്പൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രദീപ് മിശ്ര വധക്കേസില്‍ ആര്.ജെ.ഡി നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ മുഹമ്മദ് ശഹാബുദ്ദീനെ കോടതി കുറ്റവിമുക്തനാക്കി. ജംഷഡ്പൂര്‍ അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് അജിത് കുമാര്‍ സിങ്ങാണ് തെളിവിന്റെ അഭാവത്തില്‍ ശഹാബുദ്ദീനെ വെറുതെവിട്ടത്.
ശഹാബുദ്ദീന് കൊലപാതകമുള്‍പ്പെടെയുള്ള വിവിധ ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതനായി തിഹാര്‍ ജയിലിലാണ് ഇപ്പോഴുള്ളത്. വിഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് അദ്ദേഹം കോടതിയില്‍ ഹാജരായത്.
1989 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അക്രമികള്‍ പ്രദീപ് മിശ്രയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി നിരവധിതവണ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ മിശ്രയും സുഹൃത്തുക്കളായ ജനാര്‍ദന്‍ ചൗബെ, ആനന്ദ് റാവു എന്നിവരും വെടിയേറ്റുമരിച്ചു.
കേസില്‍ കുറ്റാരോപിതരായിരുന്ന മറ്റു നാലുപേരെ 2006ല്‍ വെറുതെവിടുകയും മറ്റു മൂന്നുപേര്‍ അന്വേഷണക്കാലയളവില്‍ മരിക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ശഹാബുദ്ദീന്റെ വിചാരണ വൈകിയത്. കഴിഞ്ഞ ഒക്ടോബറില്‍ കോടതി ശഹാബുദ്ദീന് സമന്‍സ് അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."