മൈഗ്രേനോ ബ്രെയിന്‍ ട്യൂമറോ? ; തലവേദനയെ നിസ്സാരമാക്കേണ്ട
ചെറിയ തലവേദന വന്നാല്‍ അത് ബ്രെയിന്‍ ട്യൂമറാണോ എന്ന് സംശയിക്കണോ? വേണ്ട. തലവേദന തന്നെയാണ് ബ്രെയിന്‍ ട്യൂമറിന്റെ പ്രഥമ ലക്ഷണം എന്നിരിക്കെ എങ്ങിനെ ബ്രെയിന്‍ ട്യൂമറിന്റെ തലവേദനയെ തിരിച്ചറിയാം? പൂര്‍ണ്ണമായി തിരിച്ചറിയുക എളുപ്പമല്ല, എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുറേയൊക്കെ എളുപ്പത്തില്‍ മനസ്സിലാക്കാനാകും.
ബ്രെയിന്‍ ട്യൂമറും മൈഗ്രേനും
സഹിക്കാന്‍ പറ്റാത്ത തലവേദന, രാത്രിയില്‍ പെട്ടെന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്ന തരത്തിലുള്ള തലവേദന, സുഖമായി ഉറങ്ങിയിരുന്ന ആള്‍ ഉറക്കത്തില്‍ നിന്ന് തലവേദന മൂലം ഉണരുകയാണെങ്കില്‍ അതിന് പ്രാധാന്യമുണ്ട്. തലവേദനയോട് കൂടിയ ഛര്‍ദ്ദി, ഓര്‍മ്മ നഷ്ടപ്പെടുക, അപസ്മാരം, ഒരു വശത്തിന് ബലക്കുറവ്, ഒരു വശത്തിന് തരിപ്പ്, കാഴ്ചക്കുറവ്, അപസ്മാരം ഇല്ലാത്ത രോഗിക്ക് പുതിയതായി അപസ്മാരം വരിക, ഇതെല്ലാം ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങളാണ്. ഒരളവ് വരെ മൈഗ്രെയിനിന്റെ ലക്ഷണങ്ങളുമായി ഇതിനെ കൂട്ടി വായിക്കുവാന്‍ സാധിക്കും. അതുകൊണ്ടാണ് പലപ്പോഴും ഈ തലവേദനകളെല്ലാം ബ്രെയിന്‍ ട്യൂമറിന്റേതാവണം എന്നില്ല എന്ന് പറയുന്നത്.
ട്യൂമറിന്റെ തലവേദന ഒരു ചെറുകഥ പോലെയാണ്, അതിന്റെ അവസ്ഥ നീണ്ടതല്ല, തലവേദന ആരംഭിച്ച് തുടങ്ങിയാല്‍ രോഗി ഒരിക്കലും പൂര്‍ണ്ണമായി സുഖപ്പെടുന്നില്ല. എന്നാല്‍ മൈഗ്രൈയിനിന്റെ തലവേദന ഒരു നോവല്‍ പോലെയാണ്, നീണ്ടകഥയാണിത്. പലപ്പോഴും രോഗിയോട് തലവേദന എത്രനാളായി എന്ന് ചോദിക്കുമ്പോള്‍ പത്തും പതിനാറും വര്‍ഷമായി എന്നൊക്കെ രോഗി നീട്ടി പറയുമ്പോള്‍ കേള്‍ക്കുന്ന ഡോക്ടര്‍ക്ക് ആശ്വാസമാണ്. ഗൗരവം വര്‍ദ്ധിപ്പിക്കാനാണ് രോഗി പറയുന്നതെങ്കിലും ഡോക്ടര്‍ക്കറിയാം പതിനാറ് വര്‍ഷമായിട്ട് ഒരു ബ്രെയിന്‍ ട്യൂമറും വളരില്ല എന്ന്. അതുകൊണ്ട് ചെറുകഥയുടേയും നോവലിന്റെയും തമ്മിലുള്ള ഈ തുലനം തലവേദനയുടെ ആ വ്യത്യാസത്തെ മനസ്സിലാക്കാന്‍ സഹായിക്കും.
തലയ്ക്ക് മുഴുവനായി വരുന്ന വേദന പലപ്പോഴും ട്യൂമറിന്റേതാവാനാണ് സാധ്യത. മൈഗ്രേനിന്റെ തലവേദന തലയുടെ ഇരുവശങ്ങളിലായി മാറി വന്നേക്കാം പക്ഷെ ഒരിക്കലും തലയില്‍ മുഴുവനായി വരാറില്ല. തലവേദനയുടെ ഗൗരവം കൂട്ടാന്‍ ചിലപ്പോള്‍ ആളുകള്‍ ഛര്‍ദ്ദിയുടെ കാര്യവും പറയും. ഇത് മൈഗ്രേനിലും പൊതുവായ ലക്ഷണമാണ്. എന്നാല്‍ ബ്രെയിന്‍ ട്യൂമറിന്റെ ഛര്‍ദ്ദിയില്‍ മേഗ്രേനിന്റെ ഛര്‍ദ്ദിയിലേത് പോലെ മനം പുരട്ടലുണ്ടാകില്ല. ഇതിനെ പ്രൊജക്ടൈല്‍ വൊമിറ്റിങ്ങ് (Projectile Vomiting) എന്നാണ് പറയുന്നത്. പെട്ടെന്ന് രോഗി ഛര്‍ദ്ദിക്കും, ഛര്‍ദ്ദി കഴിയുമ്പോള്‍ മൈഗ്രേനിലും ബ്രെയിന്‍ ട്യൂമറിലും വേദനയുടെ തീവ്രത കുറയുന്നതായി കാണാറുണ്ട്.
തെറ്റിദ്ധരിച്ച് ചികിത്സ നേടുന്ന സന്ദര്‍ഭങ്ങള്‍
ഛര്‍ദ്ദി പലപ്പോഴും വയറിന്റെ പ്രശ്നമായി തെറ്റിദ്ധരിച്ച് ചികിത്സ തേടുന്നത് പതിവാണ്. വയറുമായി ബന്ധപ്പെട്ട പരിശോധനകളെല്ലാം ചെയ്തിട്ടും അസുഖം തിരിച്ചറിയാനാവാതെ വന്ന് തലയുടെ സ്‌കാന്‍ ചെയ്യുമ്പോഴാണ് ട്യൂമര്‍ കണ്ടുപിടിക്കപ്പെടുക, അത് സര്‍വ്വസാധാരണമായി കാണപ്പെടുന്ന തെറ്റാണ്. കുട്ടികളിലെ ട്യൂമറിന്റെ പ്രത്യേകതയാണ് Early morning Vomiting. കുട്ടി രാവിലെ എഴുന്നേറ്റ് സ്‌കൂളില്‍ പോകാന്‍ ഡ്രസ്സൊക്കെ മാറ്റിയിരിക്കുമ്പോഴായിരിക്കും ഛര്‍ദ്ദി കാണപ്പെടുന്നത്. ഇത് സ്‌കൂളില്‍ പോകാനുള്ള മടിയാണ് എന്ന് പൊതുവെ ചിത്രീകരിക്കപ്പെടുകയും ചെയ്യാറുണ്ട്. തലച്ചോറിലെ ഛര്‍ദ്ദി നിയന്ത്രിക്കുന്ന Ependymoma എന്ന ഭാഗത്ത് ട്യൂമര്‍ ബാധിക്കുന്നത് കൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്. ഇത് നേരത്തെ കണ്ട് പിടിക്കാന്‍ സഹായിക്കുന്ന ലക്ഷണമാണ്.
പെരുമാറ്റ വ്യത്യാസം
വളരെയധികം രോഗികള്‍ സൈക്യാട്രിസ്റ്റിനെ സന്ദര്‍ശിച്ച് ചികിത്സ നടത്തുന്ന ലക്ഷണമാണ് പെരുമാറ്റ വ്യത്യാസം. ദീര്‍ഘനാള്‍ സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്നെടുക്കുന്ന രോഗി അവസാനം അപസ്മാരം സംഭവിച്ചതിന് ശേഷം സ്‌കാന്‍ ചെയ്യുമ്പോഴായിരിക്കും ട്യൂമര്‍ തിരിച്ചറിയപ്പെടുന്നത്. ഈ അടുത്ത ദിവസം പോലും എനിക്ക് അത്തരം ഒരു രോഗിയെ ചികിത്സിക്കേണ്ടി വന്നിട്ടുണ്ട്. എട്ട് വര്‍ഷത്തോളം സൈക്യാട്രിക് ട്രീറ്റ്മെന്റെടുത്ത ശേഷമാണ് എന്റെ അടുത്തെത്തിയത്. സ്‌കാനിങ്ങില്‍ ആ രോഗിയുടെ തലയില്‍ വലിയ ഒരു ട്യൂമര്‍ വളര്‍ന്നിരിക്കുന്നു എന്ന് മനസ്സിലായി. ഒരു പഴയ കഥകൂടി ഇതിനോടൊപ്പം ചേര്‍ത്ത് വെച്ച് പറയേണ്ടതുണ്ട്. ഞാന്‍ മെഡിക്കല്‍ സ്റ്റുഡന്റായി പഠിക്കുന്ന കാലത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള ഒരു രോഗിയെ അഡ്മിറ്റ് ചെയ്തിരുന്നു. കൊലപാതക കേസിലെ പ്രതിയായിരുന്നു അവര്‍, മകനെ കത്തികൊണ്ട് കുത്തിക്കൊന്നതായിരുന്നു കേസ്. അങ്ങനെയിരിക്കുമ്പോഴാണ് അവര്‍ക്ക് ജയിലില്‍ നിന്ന് അപസ്മാരം ഉണ്ടാകുന്നത്. സി. ടി. സ്‌കാന്‍ കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ സി ടി സ്‌കാനുകളില്‍ ഒന്നായിരുന്നു അത്. അവര്‍ക്ക് തലയില്‍ ഒരു വലിയ ട്യൂമര്‍ ഉണ്ടായിരുന്നു. സര്‍ജറിയിലൂടെ ട്യൂമര്‍ നീക്കം ചെയ്ത് അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ട്യൂമര്‍ മൂലമാണ് ആ സ്ത്രീക്ക് ദേഷ്യത്തിലും വികാരങ്ങളിലും നിയന്ത്രണമില്ലാതായത്്, അതിന്റെ ഭാഗമായാണ് അവര്‍ ആ കൊലപാതകം നടത്തിയത് എന്ന് കോടതില്‍ എക്സ്പേര്‍ട്ട് വിറ്റ്നസ്സായി സാക്ഷ്യം പറഞ്ഞത് എന്റെ സാറായിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിധിന്യായത്തില്‍ പ്രസ്താവിച്ചുകൊണ്ട് ജഡ്ജ് അവരെ തുടര്‍ ശിക്ഷകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ട്യൂമര്‍ ബ്ലീഡ് ചെയ്താല്‍ പലപ്പോഴും അത് ഒരു സ്ട്രോക്ക് പോലെ വരും. കാഴ്ചക്കുറവ് മറ്റൊരു പ്രത്യേകതയാണ്. സ്പൈനല്‍ കോഡ് സംബന്ധമായ അസുഖമാണ് എന്ന് തെറ്റിദ്ധരിക്കുന്ന മറ്റൊരു അവസ്ഥയാണ് കാലിനുണ്ടാകുന്ന ബലക്കുറവ്. കഴുത്ത് വേദന മറ്റൊരു ലക്ഷമമാണ്. ഓര്‍ത്തോപീഡിഷ്യനെ സന്ദര്‍ശിച്ച് ചികിത്സ നേടുകയാണ് പലരും ഈ അവസ്ഥയില്‍ ചെയ്യാറുള്ളത്.
ചില രോഗികള്‍ നേരിട്ട് നമ്മളോട് പറയും 'ഡോക്ടറെ, എനിക്ക് ബ്രെയിന്‍ ട്യൂമറാണോ എന്ന് സംശയമുണ്ട് സ്‌കാന്‍ ചെയ്ത് നോക്കണം' എന്ന്. കുടുംബത്തിലോ ബന്ധത്തിലോ ആര്‍ക്കെങ്കിലും ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചവരായിരിക്കും പ്രധാനമായും ഇത്തരത്തിലുള്ളത്. മുന്‍പൊന്നും ഇതിനത്ര പ്രാധാന്യം ഞാന്‍ കൊടുത്തിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഇത്തരക്കാരെ തീര്‍ച്ചയായും പരിഗണിക്കാറുണ്ട്. പലതരത്തിലുള്ള കാരണങ്ങളാണിതിനുള്ളത്. ഒന്നാമതായി ഇന്നത്തെ എം ആര്‍ ഐ സ്‌കാനിംഗിന് വലിയ റേഡിയേഷന്‍ പ്രശ്നങ്ങളൊന്നുമില്ല. പിന്നെ അസുഖമില്ല എന്നറിഞ്ഞാല്‍ രോഗിക്ക് വലിയ ആശ്വാസമാകും, അഥവാ അസുഖമുണ്ട് എന്നാണ് ഫലമെങ്കില്‍ നമുക്ക് നേരത്തെ ചികിത്സ ആരംഭിക്കുകയും ചെയ്യാം. അത് തുടര്‍ ചികിത്സയില്‍ ഏറെ സഹായകരമാകും.
നേരത്തെ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകത
എന്തിനാണ് ബ്രെയിന്‍ ട്യൂമര്‍ നേരത്തെ കണ്ടുപിടിക്കേണ്ടത് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. പണ്ടൊക്കെ കൂടുതലും രോഗികള്‍ വരുന്നത് ട്യൂമര്‍ വളരെ വലുതായി, ആലങ്കാരികമായി പറഞ്ഞാല്‍ ചക്കവലുപ്പത്തിലെത്തിയ ശേഷമായിരുന്നു. രോഗി പലപ്പോഴും അബോധാവസ്ഥയിലായിരിക്കും എത്തുക. നേരത്തെ സ്‌കാന്‍ ചെയ്ത് തിരിച്ചറിഞ്ഞാല്‍ അതിനെ ഒരു ചെറുനാരങ്ങയോ, നെല്ലിക്കാ വലുപ്പത്തിലോ ഓപ്പറേറ്റ് ചെയ്യാന്‍ എളുപ്പമാണ്. റിസല്‍ട്ട് നന്നായിരിക്കും. ഏത് അസുഖം പോലെയും നേരത്തെ ട്യൂമര്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് വളരെ വ്യത്യാസമുണ്ടാക്കും. ഓപ്പറേഷന്‍ അല്ലാത്ത ചികിത്സാ രീതികളും ചിലപ്പോള്‍ സാധിക്കും. അക്യുസ്റ്റിക് ന്യൂറോമ പോലുള്ള ട്യൂമര്‍ മൂന്ന് സെന്റിമീറ്ററില്‍ താഴെയാണെങ്കില്‍ കേള്‍വിക്ക് കുഴപ്പമില്ലാതെ, മുഖത്തിന് കോടലില്ലാതെ ഗാമ നൈഫ് എന്ന ട്രീറ്റ്മെന്റിലൂടെ ഭേദപ്പെടുത്താന്‍ സാധിക്കും. ഇത് വലുപ്പം കൂടിയാല്‍ സാധിക്കില്ല. വലുപ്പം കുറഞ്ഞ ട്യൂമറുകളെ കൂടുതല്‍ ഫലപ്രദമായി എളുപ്പത്തില്‍ ചികിത്സിക്കാം എന്നതിലാണ് ബ്രെയിന്‍ ട്യൂമര്‍ നേരത്തെ കണ്ടെത്തുന്നതിന്റെ പ്രസക്തി. അതുതന്നെയാണ് ബ്രെയിന്‍ ട്യൂമര്‍ എവയര്‍നസ്സ് വീക്കുകൊണ്ടും ഡേ കൊണ്ടും നമ്മള്‍ ഉദ്ദേശിക്കുന്നത്. ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ പ്രബുദ്ധരാണ് നമ്മള്‍ മലയാളികള്‍ എങ്കിലും ബ്രെയിന്‍ ട്യൂമര്‍ പോലുള്ള അസുഖങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. അസുഖബാധിതനായി കഴിഞ്ഞാല്‍ ആത്മവിശ്വാസമുണ്ടാകണം, അസുഖ ബാധിതനെ ഒറ്റപ്പെടുത്താതെ പിന്‍തുണ കൊടുക്കുകയും കുടുംബത്തിനൊപ്പം സമൂഹം ഉണ്ടാവുകയും ചെയ്യണം. ഇത്തം കാര്യങ്ങള്‍ക്ക് ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് ഈ വേള്‍ഡ് ബ്രെയിന്‍ ട്യൂമര്‍ ഡേയില്‍ നമുക്ക് ഉറപ്പ് വരുത്താം.
ലേഖകന്‍:
ഡോ. ജേക്കബ് ആലപ്പാട്ട്
സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്
ന്യൂറോ സയന്‍സസ് വിഭാഗം
കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."