'ഹാള്‍ ടിക്കറ്റിന് പിന്നിലായി ഉത്തരങ്ങള്‍ എഴുതിയിരുന്നു': വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ആരോപണം നിഷേധിച്ച് കോളജ് അധികൃതര്‍
കോട്ടയം: മീനച്ചിലാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനി അഞ്ജുവിന്റെ മരണത്തില്‍ ആരോപണം നിഷേധിച്ച് ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളജ് അധികൃതര്‍. വിദ്യാര്‍ഥിനി ഹാള്‍ടിക്കറ്റിന് പുറകിലായി ഉത്തരങ്ങള്‍ എഴുതിയതായി കോളജ് അധികൃതര്‍ പറഞ്ഞു. പ്രിന്‍സിപ്പാളിനെ കാണാന്‍ വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിദ്യാര്‍ഥി കണ്ടില്ലെന്നും കോളജ് അധികൃതര്‍ പറഞ്ഞു.
വിദ്യാര്‍ഥിനി കോപ്പിയടിക്കുന്നത് പിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവിട്ടു.പുറത്ത് വരുന്നത് വാസ്തവ വിരുദ്ധകാര്യങ്ങളാണെന്ന് അധികൃതര്‍ കൂട്ടിചേര്‍ത്തു.കോപ്പി എഴുതിയിരുന്ന ഹാള്‍ ടിക്കറ്റ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോളജ് വൈസ് പ്രിന്‍സിപ്പാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
പെന്‍സില്‍ ഉപയോഗിച്ചാണ് ഹാള്‍ടിക്കറ്റിന് പിറകില്‍ എഴുതിയിരുന്നത്. ഉച്ചയ്ക്ക് 1.30 നാണ് പരീക്ഷ തുടങ്ങിയത്. 1.50 നാണ് കുട്ടിയില്‍നിന്നും പാഠഭാഗങ്ങള്‍ എഴുതിയ ഹാള്‍ടിക്കറ്റ് പിടിച്ചെടുത്തത്. പരീക്ഷാഹാളില്‍നിന്ന് ഒരു മണിക്കൂര്‍ കഴിയാതെ വിദ്യാര്‍ഥിയെ പുറത്തിറക്കാനാവില്ല. അതിനാലാണ് അല്പസമയം കൂടി പരീക്ഷാഹാളിനകത്ത് ഇരുത്തിയത്.
പെണ്‍കുട്ടിയോടും അവരുടെ ബന്ധുക്കളോടും പ്രിന്‍സിപ്പാളോ അധ്യാപകരോ മോശമായി സംസാരിച്ചിട്ടില്ല. കുട്ടിയോട് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്താന്‍ പറഞ്ഞതിന് പിന്നാലെയാണ് കോളേജില്‍നിന്ന് ഇറങ്ങിപ്പോയതെന്നും അവര്‍ പറഞ്ഞു. വിദ്യാര്‍ഥിനി ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
പ്രൈവറ്റ് വിദ്യാര്‍ഥിയായതിനാല്‍ കുട്ടിയെക്കുറിച്ച് കൂടുതലായും ഒന്നുമറിയില്ലായിരുന്നു. സംഭവത്തില്‍ സര്‍വകലാശാല അധികൃതരെ വിവരമറിയിച്ചിട്ടുണ്ട് എം.ജി. സര്‍വകലാശാല വിശദീകരണം തേടിയതില്‍ കൃത്യമായ മറുപടി നല്‍കുമെന്നും ബിവിഎം ഹോളിക്രോസ് കോളേജ് മാനേജ്‌മെന്റ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കോളജിനെതിരേ ഗുരുതര ആരോപണവുമായി കുടുംബവും നാട്ടുകാരും രംഗത്തെത്തിയിരുന്നു. കോളജിനെതിരെ പിതാവ് ഗുരുതരമായ പരാതി ഉന്നയിച്ചു. വിദ്യാര്‍ഥിനിയെ കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചെന്ന് പിതാവ് ഷാജി പറഞ്ഞു.
സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളജ് അധികൃതര്‍ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ് വനിത കമ്മിഷന്റെ ഇടപെടല്‍.
പ്രൈവറ്റ് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ അഞ്ജു ഷാജിക്ക് ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളജാണ് പരീക്ഷാ കേന്ദ്രമായി ലഭിച്ചിരുന്നത്. ശനിയാഴ്ച്ച പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ചെന്ന് പറഞ്ഞ് ക്ലാസില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. ശനിയാഴ്ച്ച സന്ധ്യ കഴിഞ്ഞും കുട്ടി വീട്ടില്‍ എത്താതിരുന്നപ്പോള്‍ മാതാപിതാക്കള്‍ കാഞ്ഞിരപ്പള്ളി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പൊലിസ് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ബാഗ് ചേര്‍പ്പുങ്കലിലെ പാലത്തില്‍ നിന്ന് കണ്ടെത്തി. മീനച്ചിലാറ്റില്‍ ചാടിയിരിക്കാം എന്ന നിഗമനത്തില്‍ ഫയര്‍ഫോഴ്‌സ് മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇന്നാണ് മീനച്ചിലാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."