അടവു മാറ്റി സി.പി.എം; ഒന്നര ലക്ഷം സ്‌ക്വാഡുകള്‍, മൂന്നു ലക്ഷം കുടുംബസംഗമങ്ങള്‍
തിരുവനന്തപുരം: സി.പി.എം പ്രചാരണ അടവു മാറ്റി മുന്നേറാനൊരുങ്ങുന്നു. മൂന്നു ലക്ഷം കുടുംബസംഗമം സംഘടിപ്പിച്ചും ഒന്നരലക്ഷം തെരഞ്ഞെടുപ്പ് സ്‌ക്വാഡിനെ രംഗത്തിറക്കിയുമാണ് വോട്ട് പെട്ടിയിലാക്കാന്‍ കോപ്പു കൂട്ടുന്നത്. ഉറപ്പുള്ള സീറ്റുകളും നഷ്ടമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സി.പി.എമ്മിന്റെ അടവു മാറ്റം.
പ്രചാരണത്തിന്റെ ഒന്നാംഘട്ടം കഴിഞ്ഞ് സ്ഥാനാര്‍ഥികള്‍ മണ്ഡല പര്യടനം തുടങ്ങിയെങ്കിലും നഷ്ടപ്പെടുമെന്നുള്ള വോട്ടുകള്‍ കഴിവതും ഇടതു സ്ഥാനാര്‍ഥികള്‍ക്കു തന്നെ എത്തിക്കുകയാണ് ലക്ഷ്യം. നേരത്തെ എല്ലാ ബൂത്തുകളിലുമായി ഇരുപതിനായിരത്തോളം കുടുംബ സംഗമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ യു.ഡി.എഫ് കരുത്താര്‍ജിക്കുന്നത് സി.പി.എമ്മിന്റെ വോട്ട് കോട്ടയില്‍ വിള്ളലുണ്ടാകുമെന്ന വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പ് സ്‌ക്വാഡിന്റെയും കുടുംബ സംഗമങ്ങളുടെയും എണ്ണം കൂട്ടാന്‍ തീരുമാനിച്ചത്.
രാഹുല്‍ ഗാന്ധിയുടെ വരവ് അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന് വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് പ്രചാരണം ഏതാണ്ട് നിലച്ചിരിക്കുകയാണ്. അക്രമ രാഷ്ട്രീയം പ്രധാനമായും ചര്‍ച്ച ചെയ്യുന്ന വടകരയിലാകട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ പ്രചാരണത്തിലുണ്ടെങ്കിലും കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താത്തതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കാനോ മറ്റു പ്രചാരണത്തിനോ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയുമാണ്. ഇത് മുതലാക്കാനാണ് സി.പി.എം ശ്രമം.
അനുഭാവികളുടെയും മറ്റു പ്രധാന വ്യക്തികളുടെയും വോട്ട് ഇതിനകം തന്നെ സി.പി.എം ഉറപ്പിച്ചു കഴിഞ്ഞു. സ്ഥാനാര്‍ഥികളും നേതാക്കളും നേരിട്ടെത്തി വോട്ട് ഉറപ്പിച്ചെങ്കിലും ഇനിയും ദിവസങ്ങള്‍ കിടക്കുന്നതിനാല്‍ വീണ്ടും അവരെ സമീപിക്കാനുള്ള നിര്‍ദേശമാണ് സി.പി.എം സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്നത്. ഓരോ പഞ്ചായത്തിലും ഗൃഹസന്ദര്‍ശനത്തിനായി 200 വീതം സ്‌ക്വാഡുകളെയാണ് തയാറാക്കിയിരിക്കുന്നത്. ഇവര്‍ക്ക് ഓരോ ബൂത്തിലും വീടുകളുടെ എണ്ണം നല്‍കിയിട്ടുണ്ട്.
ഓരോ ദിവസവും ഗൃഹസന്ദര്‍ശനം കഴിഞ്ഞാല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും സ്ഥാനാര്‍ഥി നേരിട്ട് എത്തേണ്ട ആവശ്യമുണ്ടെങ്കില്‍ സ്ഥാനാര്‍ഥിയെ എത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്ന, പാര്‍ട്ടിയില്‍ ചുമതലകള്‍ വഹിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സി.പി.എം സംസ്ഥാന നേതൃത്വം കീഴ് ഘടകങ്ങളെ അറിയിച്ചിട്ടുണ്ട്. കുടുംബ യോഗങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്തു വില കൊടുത്തും ജയിക്കുക തന്നെയാണ് ലക്ഷ്യം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പു തന്നെ രംഗത്തിറങ്ങിയ ഇടതു സ്ഥാനാര്‍ഥികള്‍ മുഴുവന്‍ സമയവും ജനങ്ങള്‍ക്കിടയില്‍തന്നെയാണ്. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും മറ്റും സന്ദര്‍ശനം പൂര്‍ത്തിയാക്കുകയും പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത സ്ഥാനാര്‍ഥികള്‍ സ്വീകരണ പര്യടനത്തിലാണ്. മൂന്നുഘട്ടമായാണ് സ്വീകരണ പര്യടനം ആസൂത്രണം ചെയ്തിരിക്കുന്നത്.
അതിനിടെ സി.പി.എം ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ 31ന് ആരംഭിക്കും. സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍, ബൃന്ദാ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി, സുഭാഷിണി അലി, വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
യെച്ചൂരി 31 മുതല്‍ ഏപ്രില്‍ 20വരെയാണ് പ്രചാരണത്തിനെത്തുന്നത്. വയനാട്, പാലക്കാട്, ആലത്തൂര്‍ ഒഴികെ എല്ലാ മണ്ഡലങ്ങളിലും നാലു വീതം പൊതുയോഗങ്ങളില്‍ പങ്കെടുക്കും. പ്രകാശ് കാരാട്ട് ഏപ്രില്‍ 10 മുതല്‍ 18വരെ 15 മണ്ഡലങ്ങളിലെ പൊതു യോഗങ്ങളില്‍ പങ്കെടുക്കും.
ബൃന്ദ ഏപ്രില്‍ എട്ടു മുതല്‍ 19വരെയും സുഭാഷിണി ഏപ്രില്‍ ഏഴു മുതല്‍ 19 വരെയും എസ്. രാമചന്ദ്രന്‍ പിള്ള ഏപ്രില്‍ ഒന്നു മുതല്‍ 14വരെയും പിണറായി ഏപ്രില്‍ ഒന്നു മുതല്‍ 15 വരെയും കോടിയേരി ഏപ്രില്‍ രണ്ടു മുതല്‍ എട്ടു വരെയും എം.എ ബേബി മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 17 വരെയും വി.എസ് ഏപ്രില്‍ അഞ്ചു മുതല്‍ 12 വരെയുമാണ് വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുക.
വി.എസ് ഒഴികെ എല്ലാവര്‍ക്കും നാലു യോഗങ്ങള്‍ വീതമാണ് ദിവസവും ഒരുക്കിയിരിക്കുന്നത്. ഇതു കൂടാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ബൃന്ദയും സുഭാഷിണിയും എം.എ ബേബിയും വിവിധ കുടുംബ യോഗങ്ങളിലും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."