'രണ്ടില'ക്കായി 50 കോടി വാഗ്ദാനം: ടി.ടി.വി ദിനകരനെതിരേ കേസ്
ചെന്നൈ: അണ്ണാ ഡി.എം.കെ ചിഹ്നത്തിന് വേണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് 50 കോടി രൂപ കോഴ വാഗ്ദാനം ചെയ്തതിന് എ.ഐ.എ.ഡി.എം.കെ(അമ്മ) ഡെപ്യൂട്ടി ജന. സെക്രട്ടറിയും ശശികലയുടെ സഹോദരിയുടെ മകനുമായ ടി.ടി.വി ദിനകരനെതിരേ ഡല്‍ഹി പൊലിസ് കേസെടുത്തു. അഴിമതിക്കും ഗൂഢാലോചനയ്ക്കുമാണ് ആര്.കെ നഗറിലെ പാര്‍ട്ടി സ്ഥാനാര്‍ഥി കൂടിയായ ദിനകരനെതിരേ കേസെടുത്തത്.
അണ്ണാ ഡി.എം.കെയുടെ ചിഹ്നവും പേരും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മിഷന് നടപടിയില്‍ തന്റെ പക്ഷത്തിന് ചിഹ്നം അനുവദിച്ച് കിട്ടാനാണ് ദിനകരന് 50 കോടി രൂപ വാഗ്ദാനം ചെയ്തതെന്നാണ് ഇന്നലെ ഡല്‍ഹി പൊലിസിന്റെ പിടിയിലായ ഇടനിലക്കാരന് നല്കിയ മൊഴി. 1.30 കോടി രൂപയുമായിട്ടാണ് ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖറെന്ന യുവാവിനെ പൊലിസ് പിടികൂടിയത്.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയെ സംബന്ധിച്ച് ശശികല വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും തമ്മിലുള്ള തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലാണ്. നേരത്തെ വോട്ടര്‍മാര്‍ക്ക് പണം കൊടുത്ത് വോട്ട് പിടിക്കാനുള്ള ശ്രമം ശശികല പക്ഷം നടത്തിയതോടെ ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷന് റദ്ദാക്കിയിരിക്കുകയാണ്.
എന്നാല്‍ രണ്ടില ചിഹ്നത്തിനായി 50 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം ദിനകരന് നിഷേധിച്ചു. ഇടനിലക്കാരന് എന്നുപറയുന്ന സുകേഷിനെ തനിക്ക് അറിയില്ല. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദിനകരന് വ്യക്തമാക്കി.
കേസില്‍ നേരിട്ട് ഹാജരാകാന്‍ ദിനകരന് ഡല്‍ഹി പൊലിസ് നോട്ടിസ് അയച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷനിലെ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുള്ളതായി അറിയില്ലെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."