നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍. ഏപ്രില്‍ നാലു വരെ പത്രികകള്‍ സ്വീകരിക്കും.
വരണാധികാരിയായ ജില്ലാ കലക്ടര്‍ക്കാണ് പത്രികകള്‍ സമര്‍പ്പിക്കേണ്ടത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രികകള്‍ സ്വീകരിക്കും. സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചു പേര് മാത്രമേ പത്രികാ സമര്‍പ്പണത്തിന് എത്താവൂ. റിട്ടേണിങ് ഓഫിസറുടെ കാര്യാലയം സ്ഥിതിചെയ്യുന്ന സിവില്‍ സ്റ്റേഷന്റെ 100 മീറ്ററിനുള്ളില്‍ സ്ഥാനാര്‍ഥിക്കൊപ്പം മൂന്നു വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പൊലിസുണ്ടാകും.
പത്രികയ്ക്കൊപ്പം സ്ഥാനാര്‍ഥിയുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ഫോം 26 ഓടുകൂടി സമര്‍പ്പിക്കണം. സ്ഥാനാര്‍ഥിയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ അടക്കമുള്ള സ്വത്ത്, വായ്പാ വിവരങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കുടിശ്ശികയുടെ വിവരങ്ങള്‍ തുടങ്ങിയവ ഇതില്‍ രേഖപ്പെടുത്തണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നയാളുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ടെങ്കില്‍ അവ സംബന്ധിച്ച എഫ്.ഐ.ആര് അടക്കമുള്ള പൂര്‍ണ വിവരങ്ങളും ഫോം 26ല്‍ പരാമര്‍ശിക്കണം.
ജനറല്‍ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാര്‍ഥികളാവാന്‍ കെട്ടിവയ്ക്കേണ്ട തുക. ഏപ്രില്‍ അഞ്ചിനാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. ഏപ്രില്‍ എട്ടു വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്. മെയ് 23ന് വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."