പെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളില്‍ കാറ്റടിക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നില്ലെന്നു പരാതി
നീലേശ്വരം: പെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളില്‍ സൗജന്യമായി കാറ്റടിക്കുന്നതിനുള്ള സൗകര്യം വേണമെന്നു വ്യവസ്ഥയുണ്ടെങ്കിലും സൗകര്യം ലഭിക്കുന്നില്ലെന്നു പരാതി.
ദീര്‍ഘദൂര യാത്രക്കാരും രാത്രി യാത്ര ചെയ്യുന്നവരുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. പമ്പുകളില്‍ സൗജന്യമായി ഈ സൗകര്യം വേണമെന്നു സര്‍ക്കാര്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഈ സൗകര്യം ലഭിക്കുന്നില്ല. പ്രത്യേകം ജോലിക്കാരെവെച്ച് സൗകര്യം നല്‍കണമെന്നു പെട്രോളിയം കമ്പനികളും നിര്‍ദേശിച്ചിട്ടുണ്ട്.
ആവശ്യമായ യന്ത്രസംവിധാനങ്ങള്‍ എല്ലാ പമ്പുകളിലും ഉണ്ടെങ്കിലും കാറ്റടിക്കാന്‍ എത്തുന്നവരോടു യന്ത്രം പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മറുപടി. ഇതിനായി പെട്രോള്‍ പമ്പുകളിലേക്കു വാഹനമോടിച്ചു കയറ്റുന്നവര്‍ ഇന്ധനം അടിച്ച ശേഷം സ്വകാര്യ സ്ഥാപനങ്ങളില്‍ എത്തി കാറ്റടിക്കുകയാണു പതിവ്. എന്നാല്‍ ജില്ലയിലെ എല്ലാ പമ്പുകളിലും ഈ സൗകര്യം ലഭ്യമാണെന്നു പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിനായി പ്രത്യേകം ആളെ നിയോഗിക്കുന്നതു പ്രായോഗികമല്ല. യന്ത്രം തകരാറിലാണെന്ന പ്രതികരണം ഒറ്റപ്പെട്ട സംഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കഴിഞ്ഞ ദിവസം തലപ്പാടിക്കും പിലിക്കോടിനും ഇടയില്‍ ഏഴു പമ്പുകളില്‍ കാറ്റടിക്കാന്‍ വാഹനം കയറ്റിയപ്പോഴും യന്ത്രം തകരാറിലാണെന്ന ഉത്തരം ലഭിച്ച വാഹന ഉടമ ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്കു പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."