കാവേരി തീരത്ത് കടുത്ത പോരാട്ടം
മടിക്കേരി (കര്‍ണാടക): മനംകുളിര്‍ക്കെ കാഴ്ചകളൊരുക്കി സഞ്ചാരികളെ വരവേല്‍ക്കുന്ന കുടക് മലനിരകള്‍ ഉള്‍പ്പെടുന്ന കാവേരി തീരത്ത് ഇക്കുറി കടുത്ത പോരാട്ടം. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ സ്വന്തം തട്ടകമായിരുന്ന മൈസൂരു കുടക് ലോക്‌സഭാ മണ്ഡലത്തിലാണു ശക്തമായ പോരാട്ടച്ചൂടുള്ളത്. 2009ല്‍ കോണ്‍ഗ്രസിലെ എച്ച്. വിശ്വനാഥിനെ വിജയിപ്പിച്ച മണ്ഡലം 2014ല്‍ ശക്തമായ മോദി തരംഗം അലയടിച്ചപ്പോള്‍ പ്രതാപ് സിന്‍ഹയിലൂടെ ബി.ജെ.പിയുടെ കൈയിലെത്തുകയായിരുന്നു.
വീണ്ടും മത്സരത്തിനിറങ്ങിയ വിശ്വനാഥ് പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രൂപപ്പെട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ഒരുമിച്ചാണ് ഇക്കുറി പോരാടുന്നത്. അതുകൊണ്ടു തന്നെ മണ്ഡലം സഖ്യത്തിനു അനുകൂലമാകുമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഒന്നര ലക്ഷത്തിലധികം വരുന്ന മലയാളി വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുക. വിരാജ്‌പേട്ട, മടിക്കേരി, സോമാര്‍പേട്ട നിയമസഭാ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ മലയാളി വോട്ടര്‍മാര്‍ക്കു സ്വാധീനമുള്ളത്. മൈസൂരു, ഹുന്‍സൂര്‍ മേഖലകളിലും മലയാളികള്‍ ഏറെയുണ്ട്. ബി.ജെ.പിയുടെ സിറ്റിങ് എം.പി പ്രതാപ് സിന്‍ഹയാണു ഇത്തവണയും അവരുടെ സ്ഥാനാര്‍ഥി. ബി.ജെ.പി വിട്ട് മൂന്നുവര്‍ഷം മുമ്പ് കോണ്‍ഗ്രസിലെത്തിയ സി.എച്ച് വിജയ് ശങ്കര്‍ ആണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് മുന്നണി സ്ഥാനാര്‍ഥി.
മണ്ഡലത്തിന്റെ ചരിത്രം നോക്കിയാല്‍ 1977 മുതല്‍ 2014 വരെ വരെ നടന്ന 11 തെരഞ്ഞെടുപ്പുകളില്‍ എട്ടുതവണയും വിജയിച്ചതു കോണ്‍ഗ്രസാണ്. 77ല്‍ എച്ച്.ഡി തുളസീദാസ് ദാസപ്പയിലൂടെയാണു കോണ്‍ഗ്രസ് ഈ കുത്തകയ്ക്കു തുടക്കമിട്ടത്. 80ല്‍ കോണ്‍ഗ്രസിലെ എം. രാജശേഖര മൂര്‍ത്തി മൈസൂരു കോട്ട കാത്തു. തുടര്‍ന്ന് 84ലും 89ലും രാജകുടുംബാംഗമായ ശ്രീകാന്ത ദത്ത നരസിംഹരായ വൊഡയാറിലൂടെയാണു കോണ്‍ഗ്രസ് മൈസൂരു നിലനിര്‍ത്തിയത്. 96ലും 99ലും അദ്ദേഹം ഇവിടെ നിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 98ലാണ് മൈസൂരുവിന്റെ മണ്ണില്‍ ആദ്യമായി ബി.ജെ.പി വിജയക്കൊടി നാട്ടിയത്. വിജയശങ്കറിലൂടെയായിരുന്നു ബി.ജെ.പിയുടെ ഈ വിജയപ്രവേശം. 99ല്‍ കോണ്‍ഗ്രസ് മണ്ഡലം തിരികെ പിടിച്ചെങ്കിലും 2004ല്‍ വീണ്ടും ബി.ജെ.പി തിരിച്ചെത്തി.
വിശ്വനാഥിനെതിരേ 31,608 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു കഴിഞ്ഞതവണ ബി.ജെ.പിയിലെ പ്രതാപ് സിന്‍ഹ ജയിച്ചുകയറിയത്. എട്ടു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണു മൈസൂരു കുടക് മണ്ഡലം. ഇതില്‍ നാലിടത്ത് ബി.ജെ.പിക്കും മൂന്നിടത്ത് ജെ.ഡി.എസിനും ഒരിടത്ത് കോണ്‍ഗ്രസിനുമാണു മുന്‍തൂക്കം. മടിക്കേരി, വിരാജ്‌പേട്ട, പെരിയപട്ടണ, ഹുന്‍സൂര്‍, ചാമുണ്ഡേശ്വരി, കൃഷ്ണരാജ, ചാമരാജ, നരസിംഹ രാജ എന്നീ നിയമസഭാ മണ്ഡലങ്ങളാണു മൈസൂരു ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ഇതില്‍ കുടക് ജില്ലയിലെ മടിക്കേരിയും വിരാജ്‌പേട്ടയും 2009ലെ തെരഞ്ഞെടുപ്പിലാണു മൈസൂരുവിനോടു കൂട്ടിച്ചേര്‍ത്തത്. ബി.ജെ.പിക്കു ശക്തമായ വേരോട്ടമുള്ള ഈ മണ്ഡലങ്ങള്‍ നേരത്തെ മംഗളൂരു ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിനു പ്രധാന കാരണമായതും ഈ കൂട്ടിച്ചേര്‍ക്കലായിരുന്നു.
മടിക്കേരിക്കും വിരാജ്‌പേട്ടയ്ക്കുമൊപ്പം കൃഷ്ണരാജ, ചാമരാജ എന്നീ മണ്ഡലങ്ങളാണു നിലവില്‍ ബി.ജെ.പിക്കൊപ്പമുള്ളത്. പെരിയപട്ടണ, ഹുന്‍സൂര്‍, ചാമുണ്ഡേശ്വരി എന്നിവ ജെ.ഡി.എസിനെ പിന്തുണയ്ക്കുമ്പോള്‍ നരസിംഹരാജ മണ്ഡലം മാത്രമാണു കോണ്‍ഗ്രസിനൊപ്പമുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലങ്ങളിലൊന്നാണു ചാമുണ്ഡേശ്വരി.
കോണ്‍ഗ്രസ് നേതാവും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന സിദ്ധരാമയ്യ പരാജയപ്പെട്ടതോടെയാണു മണ്ഡലം ദേശീയശ്രദ്ധയാകര്‍ഷിച്ചത്. 83 മുതല്‍ 2008 വരെ സിദ്ധരാമയ്യയുടെ സ്വന്തം മണ്ഡലമായിരുന്നു ചാമുണ്ഡേശ്വരി. എന്നാല്‍ അദ്ദേഹം വരുണ മണ്ഡലത്തിലേക്കു കളംമാറി. രണ്ടാംവരവില്‍ മുപ്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണു സിദ്ധരാമയ്യ ജി.ടി ദേവ ഗൗഡയോടു പരാജയപ്പെട്ടത്. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ ബദാമി മണ്ഡലത്തില്‍ സിദ്ധരാമയ്യ ജയിക്കുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യമാണു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടുന്നത്. അതിന്റെ പ്രതിഫലനം മൈസൂരുവിലടക്കം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസും ജെ.ഡി.എസും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേരിതിരിഞ്ഞ് മത്സരിച്ച കോണ്‍ഗ്രസും ജെ.ഡി.എസും തെരഞ്ഞെടുപ്പിനുശേഷം സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചു.
ഈ സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടരുന്നത് ഇരുവര്‍ക്കും ഏറെ ഗുണം ചെയ്യുമെന്നാണു പ്രതീക്ഷ. എന്നാല്‍ തെരഞ്ഞെടുപ്പിനുവേണ്ടി മാത്രം തട്ടിക്കൂട്ടിയ സഖ്യത്തെ ജനം അംഗീകരിക്കില്ലെന്നാണു ബി.ജെ.പി.യുടെ അവകാശവാദം. ദേശീയ രാഷ്ട്രീയത്തിനൊപ്പം പ്രാദേശികമായ നിരവധി വിഷയങ്ങളും ഇവിടെ ചര്‍ച്ചയാവും. കാവേരി ജലതര്‍ക്കവും ദലിത് കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളുമാണു മുന്നില്‍. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളും നോട്ട് നിരോധനവും പുല്‍വാമ ഭീകരാക്രമണവുമടക്കമുള്ളവയാണു കോണ്‍ഗ്രസും ജെ.ഡി.എസും ഉയര്‍ത്തുന്ന പ്രധാന ദേശീയ വിഷയങ്ങള്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണ് ഇക്കുറി കോണ്‍ഗ്രസും ജെ.ഡി.എസും എണ്ണിപ്പറയുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും സിറ്റിങ് എം.പിയുടെ വികസന പ്രവര്‍ത്തനങ്ങളുമാണു ബി.ജെ.പിയുടെ പ്രധാന പ്രചാരണായുധങ്ങള്‍.
എം.പി എന്ന നിലയില്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞല്ല, സാമുദായിക കലാപങ്ങള്‍ ഉണ്ടാക്കി അതു വോട്ടാക്കി മാറ്റാനാണു പ്രതാപ് സിന്‍ഹ ശ്രമിച്ചതെന്നു കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ആരോപിക്കുന്നു.
വൊക്കലിംഗ, ലിംഗായത്ത്, കൊടവ, കുറുമ്പാസ്, മുസ്‌ലിം, ബ്രാഹ്മിണ്‍ തുടങ്ങിയ സമുദായങ്ങളാണ് മണ്ഡലത്തില്‍ ഏറെയുള്ളത്. ഇതില്‍ വൊക്കലിംഗ ഗൗഡര്‍മാരാണു ഭൂരിപക്ഷം. പരമ്പരാഗതമായി ജെ.ഡി.എസിനൊപ്പമാണ് ഈ സമുദായം.
കുറുമ്പ സമുദായവും മുസ്‌ലിം സമുദായവും കോണ്‍ഗ്രസിനൊപ്പമാണ്. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അഹിന്ദ എന്ന സംഘടനയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. ദലിത് വിഭാഗങ്ങളുടെ കൂട്ടായ്മയാണ് അഹിന്ദ. ലിംഗായത്ത്, കൊടവ വിഭാഗങ്ങളാണു ബി.ജെ.പിയുടെ പ്രധാന ശക്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."