പ്രവാസി സാംസ്കാരിക വേദി വിർച്വൽ മീറ്റ് സംഘടിപ്പിച്ചു
ജിദ്ദ: കൊവിഡാനന്തര കാലം മുമ്പെങ്ങും ലോകം പരിചയിച്ചിട്ടില്ലാത്ത പുതിയ തരം വെല്ലുവിളികളും അതേസമയം അതി നൂതന സാധ്യതകളുമാണ് നമ്മുടെ മുമ്പിൽ തുറന്നു വെച്ചിരിക്കുന്നതെന്ന് എഴുത്തുകാരനും പണ്ഡിതനും ഖത്തർ കൾച്ചറൽ ഫോറം പ്രസിഡന്റുമായ ഡോ: താജ് ആലുവ അഭിപ്രായപ്പെട്ടു. പ്രവാസി സാംസകാരിക വേദി സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ലോക്ക് ഡൌൺ ടോക്ക് സീരീസിലെ രണ്ടാം സെഷനിൽ "കൊവിഡാനന്തര കാലം - വെല്ലുവിളികളും അവസരങ്ങളും" എന്ന വിഷയത്തെ കേന്ദ്രീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപ മേഖലകളിൽ പുതിയ അവസരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖല അടിമുടി പുതിയ സാങ്കേതിക വിദ്യകളിലധിഷ്ഠിതമാവും. തൊഴില്‍, വിദ്യഭ്യാസം, ആരോഗ്യം, ബിസിനസ് തുടങ്ങിയ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാവും.
സ്വയം സംരംഭകത്വവും അഭിരുചികൾ തിരിച്ചരിഞ്ഞുള്ള അവസരങ്ങൾ കണ്ടെത്തുക എന്നതും കൊവിഡാനന്തര കാലത്തെ അനിവാര്യതയാവും. വിദ്യാഭ്യാസമെന്നത് പ്രായ പരിധിയൊന്നുമില്ലാതെ തുടർ പ്രക്രിയയാവും. കൊവിഡ് ഭീഷണി പ്രവചനാതീതമായ തുടർന്നാലും പുതിയ കാലത്തെ അതിജീവനം യാഥാർഥ്യമാണ്. ലോക്ക് ഡൌൺ അവസരമായി ഉപയോഗപ്പെടുത്തിയവർ പ്രവാസികളിൽ ധാരാളമുണ്ട്. മാറിയ കാലത്തെ സാദ്ധ്യതകൾ മനസിലാക്കി കഠിനാധ്വാനവും നിരന്തര പരിശ്രമങ്ങളും തുടരേണ്ടതുണ്ട്.
പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ചോദ്യേത്തര വേള ഉമറുൽ ഫാറൂഖ് നിയന്ത്രിച്ചു. സൂം ഓൺലൈനിൽ നടന്ന പരിപാടിക്ക് അമീൻ ഷറഫുദീൻ, മുഹമ്മദ് താഹ എന്നിവർ സാങ്കേതിക സഹായങ്ങൾ നൽകി. ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി നന്ദി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."