യൂറോപ്യന്‍ ക്ലാസിക്
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പിലെ ഏഴാം പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ന് തുല്യ ശക്തികളായ സ്വീഡനും സ്വിറ്റ്സര്‍ലന്റും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് സെന്റ്പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തിലാണ് മത്സരം.
ഫിഫ റാങ്കിങ്ങില്‍ 24ാം സ്ഥാനത്താണെങ്കിലും ഗ്രൂപ്പ് എഫിലെ ഒന്നാം സ്ഥാനക്കാരായാണ് സ്വീഡന് പ്രീ ക്വാര്‍ട്ടറില്‍ കയറിയത്. മത്സരത്തിന്റെ അവസാനം വരെ പൊരുതി നില്ക്കാന് കെല്‍പ്പുള്ള സ്വീഡന് നിര സ്വിറ്റ്സര്‍ലന്റിന് കടുത്ത ഭീഷണി ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. 12ാം തവണയാണ് സ്വീഡന് ലോകകപ്പ് വേദിയിലെത്തുന്നത്. 1958 ല്‍ റണ്ണേഴ്സ് അപ്പ് ആയ സ്വീഡന് ക്വാളിഫയര്‍ മത്സരത്തില്‍ രണ്ട് വമ്പന്മാരുടെ ലോകകപ്പ് മോഹങ്ങള്‍ തല്ലിക്കെടുത്തിയാണ് റഷ്യയിലെത്തിയത്. ഇറ്റലിയെയും നെതര്ലന്റിനെയുമാണ് സ്വീഡന് ക്വാളിഫയര്‍ റൗണ്ടില്‍ പുറത്താക്കിയത്. 1938ല്‍ നാലാം സ്ഥാനത്തെത്തിയ സ്വീഡന് 1950 ല്‍ മൂന്നാം സ്ഥാനം നേടി നില മെച്ചപ്പെടുത്തി. 1958 ല്‍ റണ്ണേഴ്സ് അപ്പ് ആയ സ്വീഡന് പിന്നീട് നിറംമങ്ങിയെങ്കിലും 1994 ലേകകപ്പില്‍ മൂന്നാം സ്ഥാനം നേടി കരുത്ത് തെളിയിച്ചു. 2010, 2014 ലോകകപ്പില്‍ ഇടംപിടിക്കാന്‍ കഴിയാതെ പോയ സ്വീഡന് 2018 റഷ്യയില്‍ ഒരു വിപ്ലവം സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ്. സ്വിറ്റ്സര്‍ലന്റും ചില്ലറക്കാരല്ല. ഫിഫ റാങ്കിങില്‍ ആറാം സ്ഥാനത്താണ് അവര്‍. 11ാം ലോകകപ്പ് പോരാട്ടത്തിനാണ് സ്വിറ്റ്സര്‍ലന്റ് റഷ്യയിലെത്തിയത്. 1934, 1938, 1954 വര്‍ഷങ്ങളില്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയതാണ് അവരുടെ ഏറ്റവും വലിയ സമ്പാദ്യം. ഗ്രൂപ്പ് ഇയില്‍ ബ്രസീലിന് പിറകില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്വിസ്പട പ്രീ ക്വാര്‍ട്ടറില്‍ കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."