വൃക്ഷങ്ങളില്‍ തറച്ച ആണികള്‍ നീക്കം ചെയ്യാന്‍ നോട്ടീസ്
കാട്ടിക്കുളം: ആലത്തൂര്‍ എസ്റ്റേറ്റിലെ വീട്ടി ഉള്‍പ്പെടെയുളള വൃക്ഷങ്ങളില്‍ നമ്പര്‍ ഇടുന്നതിന്റെ മറവില്‍ തറച്ച ആണികള്‍ പറിച്ചുമാറ്റാന്‍ നിര്‍ദേശം.
തൃശിലേരി വില്ലേജ് ഓഫിസര്‍ കഴിഞ്ഞ ദിവസം തോട്ടം മാനേജ്‌മെന്റ് പ്രതിനിധിയെ വിളിച്ചുവരുത്തി നല്‍കിയ നോട്ടീസിലാണ് ആണികള്‍ നീക്കം ചെയ്യണമെന്ന ആവശ്യമുള്ളത്.
നമ്പര്‍ എഴുതിയ പ്ലേറ്റുകള്‍ ഉറപ്പിക്കുന്നതിനായി മാസങ്ങള്‍ക്ക് മുന്‍പ് തറച്ച ആണികള്‍ മരങ്ങള്‍ ഉണങ്ങുന്നതിനു കാരണമാകുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പരിശോധനയില്‍ ഇതില്‍ കഴമ്പുണ്ടെന്നു കണ്ട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് നോട്ടീസ് നല്‍കിയതെന്ന് വില്ലേജ് ഓഫിസര്‍ പറഞ്ഞു.
അവകാശികളില്ലാതെ 2013 മാര്‍ച്ചില്‍ മരിച്ച വിദേശ പൗരന്‍ എഡ്‌വിന്‍ ജുബര്‍ട്ട് വാന്‍ ഇംഗന്റേതായിരുന്നു ആലത്തൂര്‍ എസ്റ്റേറ്റ്.
253 ഏക്കര്‍ വരുന്ന ഈ കാപ്പിത്തോട്ടത്തില്‍ 33.5 ഏക്കര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ 2005ല്‍ കോഴിക്കോടുള്ള ലോഡ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് ടൂറിസം കമ്പനിക്ക് വാന്‍ ഇംഗന്‍ വിറ്റിരുന്നു. ബാക്കി ദത്തുപുത്രനെന്ന് അവകാശപ്പെടുന്ന മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിന്റെ കൈവശത്തിലാണ്. 2006 ഫെബ്രുവരി രണ്ടിന് മാനന്തവാടി സബ്‌രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത 2672006 നമ്പര്‍ ദാനാധാരം അനുസരിച്ചാണ് ഭൂമി മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിന്റെ കൈവശത്തിലെത്തിയത്.
ഈ ദാനാധാരം വഴിവിട്ടാണ് നടത്തിയതെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വാന്‍ ഇംഗന്‍ ആലത്തൂര്‍ എസ്റ്റേറ്റ് ദാനാധാരം ചെയ്തു നല്‍കിയത് പ്രലോഭനത്തിനോ ഭീഷണിക്കോ വഴങ്ങിയാണെന്ന് തിരുനെല്ലിയിലെ ബ്രഹ്മഗിരി ബി എസ്റ്റേറ്റ് ഉടമ മൈക്കിള്‍ വാന്‍ ഇംഗന്‍ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ജുബര്‍ട്ട് വാന്‍ ഇംഗന്റെ സഹോദരപുത്രനാണ് മൈക്കിള്‍. അവകാശികളില്ലാതെ മരിക്കുന്ന വിദേശപൗരന്റെ സ്വത്ത് 1964ലെ അന്യംനില്‍പ്പും കണ്ടുകെട്ടലും നിയമം പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ടതാണ്.
നിയമത്തിന്റെ ചുവടുപിടിച്ച് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗതിയിലാണ്. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ രണ്ടു മാസം മുമ്പ് വില്ലേജ് ഓഫിസ് മുഖേന നോട്ടീസ് പതിച്ചിരുന്നു. ഭൂമിയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അവകാശവാദം ഉന്നയിക്കാന്‍ ഉണ്ടെങ്കില്‍ ആറു മാസത്തെ സമയം അനുവദിച്ചാണ് നോട്ടീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."