കരിപ്പൂരിനോടുള്ള അവഗണന; എം.കെ രാഘവന്‍ എം.പി ഏകദിന ഉപവാസത്തിന്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള നിരന്തര അവഗണനയില്‍ പ്രതിഷേധിച്ച് എം.കെ രാഘവന്‍ എം.പി ഏകദിന ഉപവാസമനുഷ്ഠിക്കും. വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങളില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് സമരം. 12ന് രാവിലെ ഒന്‍പത് മുതല്‍ 13ന് രാവിലെ ഒന്‍പതു വരെ നടക്കുന്ന ഉപവാസസമരം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും.
ഉപവാസത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തുമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. രാജ്യത്ത് ഏറ്റവും ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന പൊതു മേഖലാ വിമാനത്താവളങ്ങളിലൊന്നാണ് കോഴിക്കോട്. എന്നാല്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ 16 ാം സ്ഥാത്തേക്കും ചരക്കു നീക്കത്തിന്റെ കാര്യത്തില്‍ 12 ാം സ്ഥാനത്തേക്കും പിന്നോക്കം പോയി.
സംസ്ഥാനത്ത് മലബാറില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പോകുന്നത്. എന്നിട്ടും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കുന്നില്ല. ഇതിന് പിന്നില്‍ ചില ഗൂഢശക്തികളുണ്ട്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയും ഹജ്ജ് എംബാാര്‍ക്കേഷനും അനുവദിച്ചില്ലെങ്കില്‍ വിമാനത്താവളത്തിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരമുള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, കേരള കോണ്‍ഗ്രസ്(എം) ജില്ലാ സെക്രട്ടറി ബാബുരാജ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് വീരാന്‍കുട്ടി, എം.എ റസാഖ് മാസ്റ്റര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."