സാംസ്‌കാരിക നായകര്‍ വാഴപ്പിണ്ടിയല്ല, പ്ലാസ്റ്റിക് മാലിന്യങ്ങള്‍: ടി.പി രാജീവന്‍
കോഴിക്കോട്: കേരളത്തിലെ സാംസ്‌കാരിക നായകന്‍മാര്‍ വാഴപ്പിണ്ടികളല്ല, പ്ലാസ്റ്റിക് മാലിന്യങ്ങളാണെന്ന് സാഹിത്യകാരന്‍ ടി.പി രാജീവന്‍. കുഞ്ഞുണ്ണി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന കുഞ്ഞുണ്ണി സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഴപ്പിണ്ടി വേഗത്തില്‍ മണ്ണിലലിയും. എന്നാല്‍ പ്ലാസ്റ്റിക് മണ്ണിലലിയാന്‍ സമയമെടുക്കും. ഇതുപോലെ സാംസ്‌കാരിക നായകര്‍ കാണിക്കുന്ന കാര്യങ്ങള്‍ സമൂഹത്തില്‍നിന്ന് നീക്കം ചെയ്യാന്‍ സാധിക്കില്ല.
സാഹിത്യകാരന്മാരും കലാകാരന്മാരും ചിന്തകരും ബുദ്ധിജീവികളും സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ കൃതികളുടെ പ്രചാരണത്തിനായി യുദ്ധം ചെയ്യുകയാണ്. ഇതിനായി യുദ്ധവിരുദ്ധതയും സമാധാനവും വില്‍പന തന്ത്രമാക്കി മാറ്റുകയാണ്. എല്ലാവരെയും ശത്രുവാക്കി, അപരനെ സൃഷ്ടിക്കാതെ ജീവിക്കാനാകില്ല എന്നത് സാംസ്‌കാരിക സാഹിത്യ കലാ രംഗത്തെ പുതിയ പ്രവണതയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിര്‍ത്തിയിലെ യുദ്ധഭീതിയും ഇതുപോലെ സൃഷ്ടിക്കപ്പെട്ടതാണ്. എന്നാല്‍ പാകിസ്താനിലും ഇന്ത്യയിലും അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തും ഭാഷയുടെ പദവിന്യാസം ഒരുപോലെയാണെന്നാണ് കലയും സാഹിത്യവും കാണിച്ചുതരുന്നത്. അപരത്വ നിര്‍മാണത്തിനെതിരേ പ്രതികരിക്കാന്‍ കലയ്ക്കും സാഹിത്യത്തിനും മാത്രമേ സാധിക്കുകയുള്ളൂ. ഭാഷയെയും സംസ്‌കാരത്തെയും ശുദ്ധീകരിക്കുന്നതും ഇതുതന്നെയാണ്. ഇതിനു വിപരീതമായിട്ടാണു കേരളത്തിലെ സാഹിത്യകാരന്മാരും സാംസ്‌കാരിക നായകരും പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ സമൂഹമാധ്യമങ്ങലില്‍ നടന്ന കെ.ആര്‍ മീര- ബല്‍റാം സംവാദവും ഇതുതന്നെയാണു തെളിയിക്കുന്നത്. പത്രം വായിച്ച് മാര്‍ക്കറ്റിങ്ങിനായി സാംസ്‌കാരിക പ്രസ്താവനകള്‍ ഇറക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
ചടങ്ങില്‍ കുഞ്ഞുണ്ണി കവിതാ പുരസ്‌കാരം വി.എന്‍ സന്തോഷ്‌കുമാറിനു സമ്മാനിച്ചു. ലത്തീഫ് പറമ്പില്‍ അധ്യക്ഷനായി. ഡോ. കെ. ശ്രീകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. രാജശ്രീ 'കുഞ്ഞുണ്ണിക്കവിതകളിലെ സാന്ദ്രാനുഭവം' വിഷയത്തില്‍ സംസാരിച്ചു. ടി.വി ബാലന്‍, രമേശ് കാവില്‍, ടി.കെ.എ അസീസ്, പുതുക്കുടി ബാലചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."