കാഴ്ചയുടെ പരിമിതികള്‍ തടസമായില്ല: ഫര്‍സിന ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ഡോക്ടറാകും
തിരൂര്‍: കുട്ടിക്കാലത്ത് പറ്റിയ ചെറിയൊരു കൈയബദ്ധമാണ് ഒരു കണ്ണിന്റെ കാഴ്ചയെ പാടെ ഇല്ലാതാക്കിയത്. അങ്ങനെ ചെറുപ്രായത്തിലേ കാഴ്ചയുടെ പരിമിതികളിലായിരുന്നു അവള്‍. വിദ്യാഭ്യാസ കാലം തുടങ്ങിയതോടെ ഒരു കണ്ണിന്റെ കാഴ്ചയില്ലായ്മ ഒട്ടേറെ പ്രയാസങ്ങളുണ്ടാക്കിയെങ്കിലും തളരാനോ തോറ്റ് പിന്‍മാറാനോ അവള്‍ ഒരുക്കമായിരുന്നില്ല. അങ്ങനെ ആത്മവിശ്വാസത്താല്‍ വിജയത്തിന്റെ പടികളോരോന്നും ചവിട്ടിക്കറിയ ആ മിടുക്കി ഇനി ഡോക്ടറാകാനുള്ള ഒരുക്കത്തിലാണ്.
ഓള്‍ ഇന്ത്യ ക്വാട്ടയില്‍ നീറ്റ് പ്രവേശന പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈക്കുമ്പിളിലൊതുക്കി താനൂര്‍ സ്വദേശി കലത്തിങ്ങല്‍ ഒറ്റയില്‍ അബ്ദുല്‍ ഗഫൂര്‍, ആസിയ ദമ്പതികളുടെ മകളായ ഫര്‍സിന കോയമ്പത്തൂര്‍ ഗവ. ഇ.എസ്.ഐ മെഡിക്കല്‍ കോളജിലാണ് എം.ബി.ബി.എസിനു പ്രവേശനം നേടിയത്.
ഫര്‍സിനക്കൊപ്പം പ്രദേശവാസികളും കുടുംബാംഗങ്ങളും ഈ സന്തോഷത്തിലാണിപ്പോള്‍. ഫര്‍സിനയുടെ നാലാം വയസിലാണ് തറവാട്ടു മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിനിടെ സ്വന്തം കൈയാല്‍ ഹെയര്‍ബെന്‍ഡ് ഇടത്തെ കണ്ണില്‍ തറച്ചു കയറുകയും പിന്നീട് കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തത്. പിന്നീട് വിഷമഘട്ടമായിരുന്നു അവള്‍ക്ക്. അപ്പോഴെല്ലാം കുടുംബാംഗങ്ങളുടെ പിന്തുണയും ആത്മവിശ്വാസവും കരുത്തായി.
താനൂര്‍ രായിരി മംഗലം ജി.എം.എല്‍. പി സ്‌കൂള്‍, എസ്. എം. യു. പി, ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി, ജി.ആര്‍.എഫ്.ടി ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹയര്‍സെക്കന്‍ഡറി പഠനത്തോടൊപ്പം കോട്ടക്കലിലെ യൂനിവേഴ്‌സലില്‍ പ്രവേശന പരീക്ഷാപരിശീലനം നേടിയെങ്കിലുംആദ്യശ്രമം വിജയം കണ്ടില്ല. തളരാതെയുള്ള പരിശ്രമത്തിനൊടുവിലാണ് ഉയര്‍ന്ന മാര്‍ക്കോടെ എം.ബി.ബി.എസ് മേഖലയിലേക്കുള്ള വാതില്‍ തുറന്നുകിട്ടിയത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പം പ്ലസ് വണ്‍ വരെ മത വിദ്യാഭ്യാസ മേഖലയായ ചെള്ളിക്കാട് മിസ്ബാഹുല്‍ ഹുദാ മദ്‌റസയില്‍ പഠനം പൂര്‍ത്തിയാക്കിയ ഫര്‍സിന സമസ്ത മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ചാം തരം, ഏഴാം തരം പൊതുപരീക്ഷകളിലും മികച്ച വിജയം നേടിയിട്ടുണ്ട്. ഉന്നത വിജയം കരസ്ഥമാക്കി താനൂര്‍ റെയ്ഞ്ചില്‍ ഒന്നാം സ്ഥാനത്തിനും അര്‍ഹയായിട്ടുണ്ട്.
ഡോക്ടറാകണമെന്ന ഫര്‍സിനയുടെ സ്വപ്ന സാക്ഷാല്‍ക്കാരത്തിന് സര്‍വപിന്തുണയും പ്രാര്‍ഥനയും കുടുംബത്തിന്റെ ഭാഗത്തു നിന്നുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡി ഫാം ബിരുദം നേടിയ സഹോദരി ഹസീന, മാധ്യമ പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ ഷെഫീക് താനൂര്‍, ഇന്റീരിയര്‍ ഡിസൈനറായ ഇര്‍ഷാദ് എന്നിവരാണ് സഹോദരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."