പ്രവൃത്തി പാതിവഴിയില്‍ നിലച്ചു; അപകടക്കെണിയൊരുക്കി ദുരിതയാത്ര
കല്‍പ്പറ്റ: റോഡ് പ്രവൃത്തി പാതിവഴിയില്‍ നിലച്ചതോടെ മേപ്പാടി-കല്‍പ്പറ്റ റൂട്ടില്‍ യാത്രക്കാരുടെ നടുവൊടിയുന്നു. ഏറെ വിവാദങ്ങള്‍ക്കു വഴിതുറന്ന ഈ റോഡിന്റെ പ്രവൃത്തി മഴ ശക്തമായതോടെ പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
ഇതോടെ ടാറിങ് നടത്താത്ത കോട്ടവയല്‍ മുതല്‍ മേപ്പാടി-കാപ്പംകൊല്ലി വരെയുള്ള ബസിലെ യാത്ര ദുരിതമായിത്തീരുകയാണ്. പലയിടങ്ങളിലും പഴയ റോഡ് പൊളിച്ച് മണ്ണിട്ട് ഉയര്‍ത്തി കല്ലു പാകിയിട്ടുണ്ട്. പൊളിക്കാത്ത സ്ഥലങ്ങളില്‍ റോഡ് തകര്‍ന്ന് വലിയ ഗര്‍ത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്.
മാസങ്ങളോളം അടച്ചിട്ട് പ്രവൃത്തി നടത്തിയിട്ടും പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരേയും അധികൃതര്‍ക്കെതിരേയും ജനരോഷം രൂക്ഷമാണ്. തെരഞ്ഞെടുപ്പ് സമയത്ത് റോഡിന്റെ പ്രവൃത്തി വൈകിപ്പിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നതായും ആക്ഷേപമുണ്ട്.
കഴിഞ്ഞ നവംബര്‍ അവസാനമാണ് പ്രവൃത്തിക്കായി റോഡ് അടച്ചത്. 7.2 കോടി രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ഗതാഗതം നിരോധിച്ചിട്ടും പ്രവൃത്തി മന്ദഗതിയിലായതോടെ നാട്ടുകാരും യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ റോഡ് ഗതാഗതത്തിന് തുറന്നുനല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടും കരാറുകാരന്‍ പാലിച്ചില്ല. ഏപ്രില്‍ 20നു തുറക്കുമെന്ന് കരാറുകാരന്‍ പറഞ്ഞതും പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുതിയ എം.എല്‍.എ സ്ഥലം സന്ദര്‍ശിക്കുകയും പി.ഡബ്ല്യു.ഡി അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജൂണ്‍ ഒന്നിന് റോഡ് താല്‍ക്കാലികമായി റോഡ് തുറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ റോഡില്‍ ഗതാഗതം സാധ്യമല്ലെന്ന് പറഞ്ഞ് കെ.എസ്.ആര്‍ടി.സിയും സ്വകാര്യബസുകളും ചുണ്ട വഴി തന്നെ സര്‍വിസ് തുടര്‍ന്നു.
ഇതിനെതിരേ പ്രതിഷേധം ശക്തമായതോടെയാണ് മേപ്പാടി-കല്‍പ്പറ്റ റൂട്ടില്‍ ബസ് സര്‍വിസ് ആരംഭിച്ചത്. ഇതിനിടെ കാലവര്‍ഷമെത്തിയതോടെ കരാറുകാരന്‍ റോഡ് പ്രവൃത്തി പൂര്‍ണമായും നിര്‍ത്തുകയായിരുന്നു. ടാറിങ് നടത്തിയ പലയിടങ്ങളിലും റോഡ് തകര്‍ന്ന് തുടങ്ങിയിട്ടുമുണ്ട്.
ജില്ലാ കലക്ടറുടെ നിര്‍ദേശം വരെ അംഗീകരിക്കാതെ തന്നിഷ്ടം കാണിച്ച കരാറുകാരനെതിരേ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. താല്‍ക്കാലികമായെങ്കിലും റോഡ് തുറന്നതോടെ രാഷ്ട്രീയ പാര്‍ട്ടികളും നിശബ്ദരായി. തകര്‍ന്ന റോഡിലൂടെ സര്‍വിസ് നടത്തുന്നതു കാരണം ബസിനു കേടുപാടുകള്‍ സംഭവിക്കുന്നതായും മെയ്ന്റനന്‍സ് ഇനത്തില്‍ വന്‍തുക ചെലവാകുന്നതായും ബസ് ജീവനക്കാര്‍ പറയുന്നു.
മഴക്കാലം കഴിയുന്നതു വരെ മേപ്പാടി-കല്‍പ്പറ്റ റൂട്ടിലെ ദുരിതയാത്ര യാത്രക്കാര്‍ തുടരേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."