എല്ലാം തുറന്നപ്പോള്‍ സാമൂഹിക അകലം ജലരേഖയായി
കൊച്ചി: സര്‍ക്കാര്‍ ഓഫിസുകളും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളും തുറന്നതോടെ സാമൂഹിക അകലം എന്ന മുന്‍കരുതല്‍ ജലരേഖയായി മാറുന്നു. മാസ്‌ക് ധരിക്കലും പേരിനു മാത്രമായി മാറിയതോടെ കേരളം വീണ്ടും ആശങ്കയുടെ മുള്‍മുനയില്‍.
കൊവിഡ് രോഗികളുടെ എണ്ണം മുമ്പത്തെക്കാള്‍ അധികം കുതിച്ചുയരുന്ന സാഹചര്യത്തില്‍ തന്നെയാണ് ഇന്നലെ മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. രണ്ടര മാസത്തോളം താളംതെറ്റിയിരുന്ന സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എല്ലാം ലംഘിച്ച് തടിച്ചു കൂടുകയാണ്.
സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലും ഇതേ തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നതോടെ വിവിധ കാര്യങ്ങള്‍ക്കായി ജനങ്ങള്‍ ഓഫിസുകളില്‍ എത്തിത്തുടങ്ങി. ഇതോടെ സിറ്റി സര്‍വിസ് ബസുകളിലും മറ്റു നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്രക്കാരെ കയറ്റാന്‍ തുടങ്ങി. ലാഭകരമല്ല എന്നു പറഞ്ഞ് ചില സ്വകാര്യ ബസുടമകള്‍ സര്‍വിസ് നിര്‍ത്തിവയ്ക്കാന്‍ തുടങ്ങിയതോടെ നിരത്തിലിറങ്ങുന്ന മറ്റു ബസുകളില്‍ യാത്രക്കാര്‍ തിക്കിത്തിരക്കി കയറുന്ന സ്ഥിതിയായി. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാസ്‌ക് ധരിക്കാത്തതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."