ബാങ്കിങ് മേഖലയിലെ ലയന ഭീഷണി: ബെഫി പ്രക്ഷോഭത്തിന്
തൃശൂര്‍: സ്വകാര്യ ബാങ്കിങ് മേഖല അഭിമുഖീകരിക്കുന്ന ലയന ഭീഷണിക്കെതിരേ പ്രക്ഷോഭം ആവിഷ്‌കരിക്കുമെന്ന് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) ഭാരവാഹികള്‍ വ്യക്തമാക്കി. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മൂലം നിരവധി ബാങ്ക് ശാഖകളാണ് അടച്ചുപൂട്ടലിന്റെ വക്കിലായത്.
കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്കായിരുന്ന എസ്. ബി.ടി ഇല്ലാതായി. 1920ല്‍ സ്ഥാപിതമായ കാത്തലിക് സിറിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് (1927), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1929), ഫെഡറല്‍ ബാങ്ക്(1949)എന്നിവ വിവിധ കാരണങ്ങളാല്‍ മറ്റ് ബാങ്കുകളില്‍ അഭയം തേടാന്‍ ഒരുങ്ങുകയാണ്.
ധനലക്ഷ്മി ബാങ്കിനെ നേരത്തെ കൊട്ടക് മഹീന്ദ്രാ ബാങ്കാണ് ലക്ഷ്യമിട്ടിരുന്നത്. ഇപ്പോള്‍ ആര്‍ക്കും കൈവശപ്പെടുത്താവുന്ന വിധത്തിലായി കഴിഞ്ഞു. 97 വര്‍ഷം പിന്നിട്ട കാത്തലിക് സിറിയന്‍ ബാങ്ക് തുടര്‍ച്ചയായി രണ്ട് വര്‍ഷത്തിലും നഷ്ടത്തിലാണ്. കനേഡിയന്‍ ബാങ്കായ ഫെയര്‍ഫാക്‌സ് രംഗത്തു വരുന്നത് ഇതിന്റെ ഓഹരികള്‍ വിറ്റ് ലാഭം കൊയ്യുക എന്ന ലക്ഷ്യം കൂടി മുന്നില്‍ക്കണ്ടാണ്.
ഫെഡറലിന്റെ 44 ശതമാനം ഓഹരികളും വിദേശ നിക്ഷേപകരുടേതാണ്. എച്ച്.ഡി.എഫ്.സി ബാങ്കില്‍ നിന്നും വിദേശ ബാങ്കുകളില്‍ നിന്നുമുള്ളവര്‍ തലപ്പത്ത് എത്തിച്ചേര്‍ന്നിട്ടുള്ളത് നവ സ്വകാര്യ ബാങ്കിന്റെ ശൈലിയിലേക്ക് ഫെഡറല്‍ ബാങ്ക് പോകുന്നതിന് തെളിവാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് പുരോഗതിയിലാണെങ്കിലും 52 ശതമാനം ഓഹരികള്‍ വിദേശ കുത്തകകളുടേതായതിനാല്‍ ഏത് വിധത്തിലുള്ള ലയനത്തിനും പിടിച്ചെടുക്കലിനും പ്രയാസമില്ല. ബാങ്കുകളുടെ ലയനത്തിന് സങ്കീര്‍ണമായ നടപടിക്രമങ്ങളോ തടസങ്ങളോ ഇല്ല. രണ്ട് സ്വകാര്യ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗവും ഓഹരിയുടമകളുടെ ജനറല്‍ ബോഡി യോഗവും തീരുമാനിച്ചാല്‍ തമ്മില്‍ ലയിക്കാം.
ആ തീരുമാനത്തിന് സാങ്കേതികാനുമതി നല്‍കുന്ന നടപടി മാത്രമാണ് കേന്ദ്ര സര്‍ക്കാറിനും റിസര്‍വ് ബാങ്കിനും നിര്‍വഹിക്കാനുണ്ടാവുക. ഇന്ത്യയിലെ ഏത് സ്വകാര്യ ബാങ്കുകളിലും74 ശതമാനം വരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കാമെന്ന് കേന്ദ്രം നിയമം പാസാക്കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആഗോള തലത്തിലുള്ള 50 ബാങ്കുകളിലൊന്നായി തീര്‍ന്നതിനെ തുടര്‍ന്ന് ശേഷിക്കുന്ന 22 പൊതുമേഖലാ ബാങ്കുകളെ കൂട്ടിയോജിപ്പിച്ച് ആറ് വലിയ ബാങ്കാക്കാനുള്ള പദ്ധതി തയാറായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ശാഖകള്‍ അടച്ചു പൂട്ടുന്നതിനെതിരേയും പിന്‍വാതില്‍ മുഖാന്തിരമുള്ള ഔട്ട്‌സോഴ്‌സിങ്ങിനെതിരേയും ശക്തമായ പ്രക്ഷോഭം നടത്താനാണ് തീരുമാനമെന്ന് ബെഫി ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ്.എസ് അനില്‍, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്‍.സുരേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."