ബി.ജെ.പിയുടേത് അധികാരം നിലനിര്‍ത്താനുള്ള രാഷ്ട്രീയ തന്ത്രം: എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം: മതപരമായ വിഭാഗീയത സൃഷ്ടിച്ച് ഭരണാധികാരം നിലനിര്‍ത്താനുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രമാണ് സംഘപരിവാറിന്റെ പിന്‍ബലത്തോടെ ദേശീയതലത്തില്‍ ബി.ജെ.പി ആവിഷ്‌കരിക്കുന്നതെന്ന് ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
ആര്‍.എസ്.പി കൊല്ലം പാര്‍ലമെന്റ് നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജമ്മുകാശ്മീരിലെ മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം അടിച്ചേല്‍പിച്ചത് സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. രാമക്ഷേത്ര നിര്‍മാണം, മുത്വലാഖ് ബില്ലിലൂടെ ഏകീകൃത സിവില്‍ നിയമം, കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എന്നീ വിവാദ വിഷയങ്ങള്‍ വീണ്ടും സജീവമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടാണ്. സാമുദായിക ധ്രുവീകരണത്തിലൂടെ ഭരണാധികാരം നിലനിര്‍ത്താനുള്ള ബി.ജെ.പിയുടെ നീക്കത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ ഐക്യത്തിനു മാത്രമേ കഴിയൂ.
ബി.ജെ.പിക്കെതിരെ രൂപപ്പെടുന്ന യോജിച്ച പ്രതിപക്ഷ ഐക്യനിരയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും എം.പി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനാധിപത്യ മതേതര പുരോഗമന പ്രസ്ഥാനങ്ങളെ യോജിപ്പിച്ചുകൊണ്ടുള്ള ബദല്‍ രാഷ്ട്രീയ മുന്നണിയെ ശക്തിപ്പെടുത്തുക എന്നുള്ളതാണ് മതേതര താല്പര്യം സംരക്ഷിക്കാനുള്ള പ്രായോഗിക പോംവഴിയെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് അധ്യക്ഷനായി. ഫിലിപ് കെ. തോമസ്, മുന്‍ മന്ത്രി ബാബു ദിവാകരന്‍ സംസാരിച്ചു.
ആസന്നമാകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ സെക്രട്ടറി ഫിലിപ് കെ. തോമസ് കണ്‍വീനറായുള്ള 15 അംഗ ഉന്നതതല സമിതിക്ക് യോഗം രൂപം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."