ഏഴു മണ്ഡലങ്ങളിലും യു.ഡി.എഫ് ആധിപത്യം
മലപ്പുറം: ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും ചരിത്രവിജയവുമായാണ് യു.ഡി.എഫ് ഉപതെരഞ്ഞെടുപ്പില്‍ ആദിപത്യമുറപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടു കൊയ്താണ് യു.ഡി.എഫ് മണ്ഡലങ്ങളില്‍ മേല്‍ക്കൈനേടിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 77602 വോട്ടുകള്‍ അധികം നേടിയാണ് മുന്നണിയുടെ മികവ്.
പി.കെ.കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്ന വേങ്ങരയില്‍ നിന്നാണ് വോട്ടു കൂടുതല്‍. 40529 വോട്ടിന്റെ ഭൂരിപക്ഷമാണ് വേങ്ങരയില്‍ നേടിയത്. മലപ്പുറം(33281), കൊണ്ടോട്ടി(25904), മഞ്ചേരി (22843),വള്ളിക്കുന്ന്(20692), മങ്കട(19262)പെരിന്തല്‍മണ്ണ(8527) എന്നിങ്ങനെയാണ് ഇത്തവണ നേടിയ ലീഡ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 1508 വോട്ട് ലീഡ് മാത്രം നേടിയ മങ്കടയില്‍ ഇതിനേക്കാള്‍ 17754 അധികം വോട്ടുനേടി. 579 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന പെരിന്തല്‍മണ്ണയില്‍ അതിനേക്കാള്‍ 7948 വോട്ടും കൊണ്ടോട്ടിയില്‍ 15250 വോട്ടും 12610 വോട്ടു ലീഡുണ്ടായിരുന്ന വള്ളിക്കുന്നില്‍ 8082 വോട്ടുകളും 19616 വോട്ടു ഭൂരിപക്ഷമുള്ള മഞ്ചേരിയില്‍ 3227 വോട്ടുകളും ഇത്തവണ കൂടുതല്‍ നേടി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 35672 വോട്ടു ഭൂരിപക്ഷം നേടിയ മലപ്പുറം മണ്ഡലത്തില്‍ ഇത്തവണ ലീഡില്‍ 2391 വോട്ടിന്റെ കുറവുണ്ട്. ആറു മണ്ഡലങ്ങളില്‍ ലീഡ് വര്‍ധനവുണ്ടായപ്പോള്‍ മലപ്പുറം മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷത്തില്‍ 2391 വോട്ടുകളുടെ കുറവ് രേഖപ്പെടുത്തി. എന്നാല്‍ വേങ്ങര കഴിഞ്ഞാല്‍ ഭൂരിപക്ഷം മലപ്പുറത്താണ്.
വോട്ടു നിലയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ച മണ്ഡലവും മലപ്പുറമാണ്, 84580 വോട്ടുകള്‍. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊണ്ടാട്ടി-31,717,വള്ളിക്കുന്ന്-23935, വേങ്ങര-42632,മലപ്പുറം-36324, മങ്കട-23461, പെരിന്തല്‍മണ്ണ-10614, മഞ്ചേരി-26062 എന്നിങ്ങനെയാണ് യു.ഡി.എഫ് ലീഡ്.
ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്ത്: ആന്റണി
ന്യൂഡല്‍ഹി: കുഞ്ഞാലിക്കുട്ടിയുടെ വിജയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്തെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയത്തിനും എതിരായിട്ടുള്ളതാണ് ഈ വിധിയെഴുത്ത്. ഒഡിഷയിലെ പ്രഖ്യാപനം ദിവാസ്വപ്‌നമാണെന്ന് മലപ്പുറം തെളിയിച്ചിരിക്കുകയാണ്.
ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി: മജീദ്
മലപ്പുറം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുഷ് ചെയ്തികള്‍ക്കും ധാര്‍ഷ്ട്യത്തിനുമേറ്റ തിരിച്ചടിയാണ് മലപ്പുറം തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഭരണ പരാജയം ചൂണ്ടിക്കാട്ടിയായിരുന്നു യു.ഡി.എഫ് മുന്നേറിയത്.
രാഷ്ട്രീയ നിലപാടുകളുടെ വിജയം: ഇ.ടി
മലപ്പുറം: യു.ഡി.എഫ് ഉയര്‍ത്തിപ്പിടിച്ച സത്യസന്ധമായ രാഷ്ട്രീയ നിലപാടുകളുടെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിലെ മികച്ച വിജയമെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍ തങ്ങളാണെന്ന വാദവുമായാണ് എല്‍.ഡി.എഫ് രംഗത്ത് വന്നത്. ജനം അത് തള്ളിയ കാഴ്ചയാണ് കണ്ടത്. വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കി വോട്ടു തട്ടാനുള്ള ബി.ജെ.പി തന്ത്രവും പാളി. ജനം ആഗ്രഹിക്കുന്നത് സമാധാന രാഷ്ട്രീയമാണ്.
'മതേതര വോട്ടുകളുടെ ഏകീകരണത്തിന്റെ വിജയം'
കോഴിക്കോട് : മതേതര വോട്ടുകളുടെ ഏകീകരണമാണ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അഭിപ്രായപ്പെട്ടു. വര്‍ഗീയതയിലൂടെയും വിഭാഗീയതയിലൂടെയും അധികാരത്തിലേറിയ ബി.ജെ.പിക്ക് മതേതര കേരളം നല്‍കുന്ന താക്കീതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ല: കെ.ടി ജലീല്‍
കൊച്ചി: തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ലെന്ന് മന്ത്രി കെ.ടി ജലീല്‍. എല്‍.ഡി.എഫ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മുസ്‌ലിം ലീഗിന്റേത് അഭിമാനാര്‍ഹമായ വിജയവുമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ നേടിയാലെ സര്‍ക്കാരിനെതിരായ വിധിയെഴുത്തെന്ന് പറയാനാകൂ. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി തുടങ്ങിയ കക്ഷികള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലക്ഷത്തിലേറെ വോട്ട് പിടിച്ചിരുന്നു ജലീല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."