17ാം നൂറ്റാണ്ടിലെ അടിമക്കച്ചവടക്കാരന്റെ പ്രതിമ കായലില്‍ തള്ളി
ലണ്ടന്‍: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധം മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍ 17ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച അടിമക്കച്ചവടക്കാരന്റെ പ്രതിമ പ്രതിഷേധക്കാര്‍ തകര്‍ത്തു.
അടിമക്കച്ചവടക്കാരനായിരുന്ന എഡ്വാര്‍ഡ് കോള്‍സ്റ്റണിന്റെ വെങ്കല പ്രതിമയാണ് പ്രതിഷേധക്കാര്‍ തകര്‍ത്തത്. തുടര്‍ന്ന് അത് കായലിലേക്ക് തള്ളുകയും ചെയ്തു. 1636ല്‍ ഒരു സമ്പന്ന വ്യാപാരികുടുംബത്തില്‍ ജനിച്ച കോള്‍സ്റ്റണ്‍ ബ്രിസ്റ്റള്‍ എം.പിയായിരുന്നു. അടിമക്കച്ചവടം നടത്തിയ റോയല്‍ ആഫ്രിക്കന്‍ കമ്പനിയുടെ ഡെപ്യൂട്ടി ഗവര്‍ണറായും ഇയാള്‍ ജോലി ചെയ്തു. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന 84,000 ആഫ്രിക്കന്‍ പൗരന്മാരെ ഇയാള്‍ വില്‍പന നടത്തിയിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്. 1.20 കോടി ആഫ്രിക്കക്കാരെയാണ് അക്കാലത്ത് അടിമവ്യാപാരം നടത്തിയിരുന്നത്. അതില്‍ 20 ലക്ഷത്തോളം ആളുകള്‍ യാത്രയ്ക്കിടെ മരണപ്പെട്ടിട്ടുണ്ട്.
പ്രതിമ തകര്‍ക്കുന്നതിനു മുമ്പായി പ്രതിഷേധക്കാര്‍ അതില്‍ കയര്‍ കെട്ടിയിരുന്നു. നിലത്തേക്കു പതിച്ച പ്രതിമയുടെ കഴുത്തില്‍ എട്ടുമിനുട്ടോളം കാല്‍മുട്ടുകൊണ്ട് ചവിട്ടിനിന്നു. തുടര്‍ന്ന് ബ്രിസ്റ്റളിലെ തുറമുഖത്തേക്ക് ഉരുട്ടിക്കൊണ്ടുപോയി കായലില്‍ തള്ളുകയായിരുന്നു. 1895ല്‍ സ്ഥാപിക്കപ്പെട്ട ഈ ഭീമന്‍ പ്രതിമ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് 11,000 പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ബ്രിട്ടനില്‍ 1807ലാണ് അടിമവ്യാപാരം നിരോധിച്ചത്.
ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്ന ഫ്‌ളോയിഡിനെ ഒന്‍പത് മിനിറ്റോളം കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു പൊലിസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവ് കൊലപ്പെടുത്തിയത്. ഷോവിന്റെ മേലുള്ള കുറ്റം സെക്കന്‍ഡ് ഡിഗ്രി കൊലക്കുറ്റമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."