പോക്‌സോ കേസിലെ പ്രതിക്ക് കൊട്ടിയം പൊലിസ് ഒത്താശ : പൊലിസ് സ്റ്റേഷനു മുന്നില്‍ അഴിഞ്ഞാടിയ പ്രതി യുവാവിന്റെ തല ഇടിച്ചു പൊട്ടിച്ചു
കൊട്ടിയം: പോക്‌സോ കേസിലെ പ്രതിയെ പിടികൂടാതെ കൊട്ടിയം പൊലിസിന്റെ ഒളിച്ചുകളി. 17 കാരിയായ പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കടന്ന് ലൈംഗീകചൂഷണം നടത്തിയ കേസിലെ പ്രതിയെയാണ് ം പൊലിസ് പിടികൂടാത്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ചേച്ചിയും ഇയാളും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. ചേച്ചിയെ കാണുന്നതിനായി രാത്രി കാലത്ത് ഇയാള്‍ വീട്ടിലെത്തുന്ന പതിവുണ്ടായിരുന്നു. ഇതിനിടയിലാണ് മുറിയില്‍ ഉറങ്ങിക്കിടന്ന അനുജത്തിയെ ഇയാള്‍ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയത്. തന്നോട് അതിക്രമം കാട്ടിയയാളെ പെണ്‍കുട്ടി കണ്ടുവെങ്കിലും ചേച്ചിയുടെ കാമുകനാണെന്ന് അറിയില്ലായിരുന്നു. വീട്ടുകാരോട് വിവരം പറയാന്‍ ഒരുങ്ങിയ പെണ്‍കുട്ടിയെ ചേച്ചി വിലക്കുകയായിരുന്നെന്ന് പറയുന്നു. ദിവസങ്ങള്‍ക്കു ശേഷം ചേച്ചി ഇയാള്‍ക്കൊപ്പം ഒളിച്ചോടിപോയിരുന്നു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലിസ് കമിതാക്കളെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയപ്പോഴാണ് അനുജത്തിയെ പീഡിപ്പിച്ച വിവരങ്ങള്‍ പുറത്തുവന്നത്.ചേച്ചിയുടെ കാമുകനാണ് തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്നറിഞ്ഞ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കി. പൊലിസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 18നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 20ന് മജിസ്‌ട്രേറ്റിനു മുന്നില്‍ പെണ്‍കുട്ടി രഹസ്യമൊഴിയും നല്‍കിയിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാതെ പൊലിസ് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ആക്ഷേപം. ഞായറാഴ്ച പ്രതിയായ യുവാവും പെണ്‍കുട്ടിയുടെ ചേച്ചിയും സി.ഐ വിളിച്ചതനുസരിച്ച് സ്റ്റേഷനിലെത്തിയിരുന്നു. മൂത്തമകളെ കടത്തിക്കൊണ്ട് പോയതിന്റെ വൈരാഗ്യത്തില്‍ കെട്ടിച്ചമച്ച കേസാണെന്നാരോപിച്ച് കൊട്ടിയം സി.ഐ പിതാവിനെ ഭീഷണിപ്പെടുത്തിയതായി പറയുന്നു. പരാതിയില്‍ പെണ്‍കുട്ടിയും മാതാപിതാക്കളും ഉറച്ചു നിന്നെങ്കിലും പൊലിസ് പ്രതിയെ സഹായിക്കുന്ന നിലപാടാണ് എടുത്തത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും സി ഐ വഴങ്ങിയില്ല. പിന്നീട് സ്റ്റേഷനു മുന്നില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും യുവാവുമായി വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടെ അക്രമാസക്തനായ ഇയാള്‍ സമീപത്ത് നിന്ന യുവാവിന്റെ തല കല്ല് കൊണ്ടിടിച്ചു പൊട്ടിച്ചു. നെടുമ്പന സ്വദേശിയായ യുവാവിനാണ് തലയ്ക്ക് പരുക്കേറ്റത്. പെണ്‍കുട്ടിയുടെ പിതാവിനൊപ്പം എത്തിയ ആളാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സ്റ്റേഷനു മുന്നില്‍ സംഘര്‍ഷവും അക്രമവും നടന്നിട്ടും ഒന്നുമറിയാത്ത ഭാവത്തിലായിരുന്നു കൊട്ടിയം പൊലിസ് സ്‌റ്റേഷനിലെ സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."