മൊബൈല്‍ ടവര്‍ പഞ്ചായത്ത് സെക്രട്ടറി സീല്‍ ചെയ്തു
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂര്‍ തടപ്പറമ്പില്‍ സ്ഥാപിച്ച മൊബൈല്‍ ടവര്‍ പഞ്ചായത്ത് സെക്രട്ടറി സീല്‍ ചെയ്തു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിയമ വിരുദ്ധമായാണ് മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.മൊബൈല്‍ ടവറിന് നമ്പറില്ലെന്നും ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും സെക്രട്ടറി അറിയിച്ചു. ടവര്‍ നിര്‍മാണത്തിനിടെ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനെതിരെ മൊബൈല്‍ കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് ഇത് സംബന്ധിച്ച് യാതൊരു നിര്‍ദേശവും ലഭിച്ചില്ലെന്നും അതിനാലാണ് നിയമനടപടികളുമായി മുന്നോട്ടു പോയതെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ടവര്‍ അനുകൂല ആക്ഷന്‍ കമ്മിറ്റിയും വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയും പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അനുകൂല ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊബൈല്‍ ടവറിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചുരുന്നെങ്കിലും അനുമതിയില്ലാതെ പരിപാടി നടത്തിയതിന് പൊലിസ് മൈക്ക്സെറ്റ് അടക്കമുള്ളവ കസ്റ്റഡിയിലെടുത്തിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ടവര്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. എന്നാല്‍ മൊബൈല്‍ കവറേജ് തീരെ കുറവായ ഗേറ്റുംപടി, നെല്ലിക്കുത്ത് പ്രദേശങ്ങളില്‍ ടവര്‍ അത്യാവശ്യമാണെന്നാണ് ടവര്‍ അനുകൂല ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."