HOME
DETAILS
MAL
കൊവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പിയുമായി സംസ്ഥാനം മുന്നോട്ട്
backup
June 09 2020 | 02:06 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് -19ന് ചികിത്സാമാര്‍ഗമായി തങ്ങള്‍ ഉപദേശിക്കുന്നില്ലെന്ന് ഐ.സി.എം.ആര് വ്യക്തമാക്കിയിട്ടും ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ ചികിത്സക്കായി പ്ലാസ്മ തെറാപ്പി പരീക്ഷണം തുടരാന്‍ കേരളം. കേരളത്തിലെ ആദ്യ പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയ മലപ്പുറം സ്വദേശി മുന്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ താരമായ ഹംസക്കോയയുടെ ജീവന് രക്ഷിക്കാന്‍ കഴിയാതിരുന്നിട്ടും ഗുരുതാരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ ഐ.സി.യുവില്‍ കഴിയുന്ന 12 പേരില്‍ വീണ്ടും പരീക്ഷണം നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
കൂടാതെ എല്ലാ മെഡിക്കല്‍ കോളജുകളിലും പ്ലാസ്മ ബാങ്ക് രൂപീകരിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. മെഡിക്കല്‍ കോളജുകളിലെ ബ്ലഡ് ബാങ്കുകളുമായി ചേര്‍ന്നായിരിക്കും പ്രവര്‍ത്തിക്കുക. പ്ലാസ്മ തെറാപ്പി പരീക്ഷണാടിസ്ഥാനത്തില്‍ നടത്താന്‍ ഡ്രഗ് കണ്ട്രോളര് ജനറല്‍ ഇന്ത്യ നേരത്തെ അനുമതി നല്‍യിരുന്നു. കൊവിഡ് രോഗം ഭേദമായിക്കൊണ്ടിരിക്കുന്ന ആളില്‍ നിന്നാണ് പ്ലാസ്മ പരീക്ഷണാടിസ്ഥാനത്തില്‍ ശേഖരിക്കുന്നത്. ഇവരില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ പരീക്ഷണാടിസ്ഥാനത്തില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളില്പ്രയോഗിക്കും. ഇതിന് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ അവിടത്തെ എത്തിക്സ് കമ്മിറ്റിയുടെ അനുവാദം തേടിയിരിക്കണം. പ്ലാസ്മാ തെറാപ്പി പരീക്ഷിക്കാന്‍ പോകുന്ന ഓരോ സ്ഥാപനവും അതാതിടത്തെ എത്തിക്സ് കമ്മിറ്റി മുഖേന പ്രാദേശികമായി എത്തിക്സ് ക്ലിയറന്‍സ് നേടേണ്ടതുണ്ടെന്നും ഐ.സി.എം.ആര് നേരത്തെ മാര്‍ഗ നിര്‍മദശം നല്‍കിയിട്ടുണ്ട്.
കൊവിഡ് രോഗമുക്തി നേടുന്നവരുടെ രക്തത്തില്‍ വൈറസിനെതിരായ ആന്റിബോഡികള്‍ ഉണ്ടാകാം. ഇവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിക്കുന്ന പ്ലാസ്മയില്‍ ഈ ഘടകങ്ങള്‍ ഉണ്ടാകും. ഇത്തരത്തില്‍ ശേഖരിച്ച പ്ലാസ്മ കൊവിഡ് ഗുരുതരമായവരില്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കൊവിഡ് രോഗം പിടിപെട്ട് ഗുരുതരമായാല്‍ പ്ലസ്മ തെറാപ്പികൊണ്ടും രോഗം ഭേദമാക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. എന്നാല്‍ പരീക്ഷണം തുടരാന്‍ തന്നെയാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."