HOME
DETAILS
MAL
സമൂഹവ്യാപനം കണ്ടെത്താന്‍ പരിശോധന തുടങ്ങി
backup
June 09 2020 | 02:06 AM
.
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡിന്റെ സമൂഹ വ്യാപനസാധ്യത കണ്ടെത്താനായി സംസ്ഥാനത്ത് ദ്രുതപരിശോധന തുടങ്ങി. ഇന്നലെ ആരോഗ്യപ്രവര്‍ത്തകരിലാണ് പരിശോധന നടത്തിയത്. ഏതാണ്ട് 15,000 പരിശോധനയാണ് ഈ ആഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് മൂന്നാംഘട്ടത്തില്‍ സമ്പര്‍ക്കത്തിലൂടെയുളള രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് പരിശോധന കൂട്ടിയാണ് സംസ്ഥാനം കൊവിഡിനെ പ്രതിരോധിക്കാനൊരുങ്ങുന്നത്.
പി.സി.ആര്‍ പരിശോധനയ്ക്ക് പുറമെയാണ് റാപ്പിഡ് ആന്റിബോഡി പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പാലക്കാട്, കൊല്ലം, കണ്ണൂര്‍ ജില്ലകളടക്കം പലയിടത്തും അസാധാരണമായ ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സമൂഹവ്യാപന സാധ്യതയുണ്ടോ എന്ന സംശയം ആരോഗ്യവിദഗ്ധര്‍ക്കുണ്ട്.
ആദ്യഘട്ടമായി പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുളള പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആയിരം കിറ്റുകള്‍ വീതം ഉപയോഗിക്കും. മറ്റ് എട്ട് ജില്ലകളില്‍ 500 കിറ്റ് വീതമാണ് ഉപയോഗിക്കുക. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍, പൊലിസുകാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, അതിഥിതൊഴിലാളികള്‍ എന്നിവരെയായിരിക്കും പ്രധാനമായും പരിശോധിക്കുക. ആളുകളുമായി കൂടുതല്‍ ഇടപഴകാന്‍ സാധ്യതയുളള മറ്റ് വിഭാഗക്കാരെയും പരിശോധിക്കും.
റാപ്പിഡ് പരിശോധനക്കായി ഒരു ലക്ഷം കിറ്റുകള്‍ക്കാണ് എച്ച്.എല്‍.എല്ലിന് മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കിയത്. ആദ്യഘട്ടമായി എത്തിയ പതിനായിരം കിറ്റുകള്‍ക്ക് പുറമേ അന്‍പതിനായിരം കിറ്റുകള്‍ കൂടി ഉടനെ എത്തും. റാപ്പിഡ് ടെസ്റ്റ് കൂടി വ്യാപകമാകുന്നതോടെ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടാകും. നിലവില്‍ ദിവസം തോറും മൂവായിരം പരിശോധനകളാണ് നടത്തുന്നത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താത്ത 33 കേസുകളാണിപ്പോള്‍ സംസ്ഥാനത്തുളളത്. ഇത്തരം കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഗ്രൂപ്പ് പരിശോധനകള്‍ വ്യാപകമാക്കുന്നത്.
കേരളത്തില്‍ സമ്പര്‍ക്കം വഴി കൊവിഡ് പടരുന്നത് നിയന്ത്രിക്കുകയാണ് ഈ പരിശോധന കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആന്റി ബോഡി ടെസ്റ്റില്‍ പോസിറ്റീവായി കണ്ടെത്തുന്നവരെയെല്ലാം ഒന്നുകൂടി പി.സി.ആര്‍ ടെസ്റ്റിന് വിധേയമാക്കും. എത്ര ശ്രദ്ധിച്ചാലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പിടിപ്പെടാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."