സൗത്ത് ബീച്ച് ഉദ്ഘാടനത്തിനൊരുങ്ങി; ലോറി സ്റ്റാന്‍ഡ് എന്ന് മാറ്റും?
സ്വന്തം ലേഖകന്‍
കോഴിക്കോട്: സൗത്ത് ബീച്ച് നവീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനിരിക്കെ അതിന് മുമ്പിലെ ലോറി സ്റ്റാന്‍ഡ് മാറ്റുമെന്ന തീരുമാനം ഇതുവരെയും നടപ്പാക്കാനായില്ല. 3.85 കോടി രൂപ ചെലവഴിച്ച് ഡി.ടി.പി.സി നടത്തുന്ന സൗന്ദര്യവല്‍കരണം പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങാനിരിക്കെയാണ് തീരുമാനം നടപ്പാക്കാത്തത്. മെയ് ഒന്നു മുതല്‍ പാര്‍ക്കിങ് ഭട്ട്‌റോഡിലേക്ക് മാറ്റാനുള്ള തീരുമാനമാണ് ഇതുവരെയും നടപ്പാക്കാത്തത്.
സൗത്ത് ബീച്ചിലെ ലോറി പാര്‍ക്കിങ് കോയാ റോഡിലേക്ക് മാറ്റണമെന്ന് ഏപ്രില്‍ 23ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതിയാണ് നിര്‍ദേശം നല്‍കിയത്. നഗരത്തിലെ ഗതാഗത പരിഷ്‌കരണം നടപ്പാക്കുന്നതിന്റ ഭാഗമായും സൗത്ത് ബീച്ച് നവീകരണത്തിന്റെ ഭാഗമായും നല്‍കിയ നിര്‍ദ്ദേശം ഏപ്രില്‍ 27ന് ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിക്കുകയും ചെയ്തിരുന്നു. മെയ് ഒന്നു മുതല്‍ കോയ റോഡിലെ സ്വകാര്യവ്യക്തിയുടെ സ്ഥലവും മീഞ്ചന്തയില്‍ ബസ്റ്റാന്റിന് സമീപം കോര്‍പ്പറേഷന്‍ ഏറ്റെടുത്ത മൂന്ന് ഏക്കര്‍ സ്ഥലത്ത് താല്‍ക്കാലിക സംവിധാനവും ഒരുക്കാനായിരുന്നു കൗണ്‍സില്‍ യോഗ തീരുമാനം.
എന്നാല്‍ മീഞ്ചന്തയിലെ ബസ് സ്റ്റാന്‍ഡിനായുള്ള സ്ഥലം ഉപയോഗപ്പെടുത്താനുള്ള തീരുമാനം പിന്നീട് മാറ്റിയിരുന്നു. ഭട്ട്‌റോഡിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്ക് ലോറി ബുക്കിങ് ഓഫിസ് മാറ്റുന്നതിനും ലോറി ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സാധിക്കാത്തതാണ് ഇപ്പോള്‍ ലോറി പാര്‍ക്കിങ് മാറ്റുന്നതിന് തടസമായി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍ സ്ഥലത്ത് താല്‍ക്കാലികമായി ഓഫിസ് നിര്‍മിക്കാനുള്ള ശ്രമം ഇതുവരെയും നടന്നില്ല. തുടര്‍ന്ന് സമീപത്ത് ഓഫിസിന് ഉതകുന്ന കെട്ടിടം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തില്‍ കോയ റോഡില്‍ സൗകര്യം ഒരുക്കുന്നതുവരെ താല്‍ക്കാലികമായി മീഞ്ചന്തയിലേക്ക് ലോറി സ്റ്റാന്‍ഡ് മാറ്റാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
വീതി കുറഞ്ഞ റോഡില്‍ അനധികൃത പാര്‍ക്കിംഗ് കാരണം വാഹനാപകടങ്ങള്‍ പതിവായതും പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം കൂടുന്നതായുള്ള പരാതിയുടേയും അടിസ്ഥാനത്തിലാണ് ലോറി സ്റ്റാന്റ് സൗത്ത് ബീച്ചില്‍ നിന്ന് മാറ്റാന്‍ നടപടികള്‍ ആരംഭിച്ചത്. ലോറി സ്റ്റാന്‍ഡ് ഇവിടെ നിന്ന് മാറ്റിയാല്‍ സൗത്ത് ബീച്ചിലെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഈ സ്ഥലം ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."