പുലിപ്പേടിയില്‍ മലയോരം
ഇരിട്ടി: മലയോര മേഖലയില്‍ പുലിപ്പേടി തുടരുന്നു. കഴിഞ്ഞ ദിവസം പായം പഞ്ചായത്തിലെ കോളിക്കടവിലും അടുത്ത പ്രദേശമായ അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ് പനക്കരയിലും പിന്നീട് ഓടിച്ചുക്കുന്നിലും നാട്ടുകാര്‍ പുലിയെ കണ്ടതായി വിവരംമുണ്ടായിരുന്നു.
പിന്നാലെ ഞായറാഴ്ച രാത്രി ഉളിക്കല്‍ പഞ്ചായത്തിലെ കോളിത്തട്ടിലും അറബിക്കുളത്തും പ്രദേശവാസികള്‍ പുലിയെ കണ്ടതായി വിവരം വന്നു. ഉളിക്കല്‍ പൊലിസും വനപാലകരും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലിയെ കണ്ടതായി പറയുന്ന പ്രദേശങ്ങളിലെല്ലാം കാല്‍പാടും കണ്ടെത്തിയിട്ടുണ്ട്. ഇത് കാട്ടുപൂച്ചയുടെതാണെന്നു സംശയിക്കുന്നതായി വനംവകുപ്പ് സ്ഥിരീകരിക്കാതെ പറയുമ്പോള്‍ തങ്ങള്‍ കണ്ടത് പുലിയെ തന്നെയെന്നാണ് നാട്ടുകാരുടെ പക്ഷം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തോടെയാണ് പായം ചെന്നലോട് ബൈക്ക് യാത്രികന്‍ ആദ്യം പുലിയെ കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കാല്‍പ്പാട് മാത്രമാണു കണ്ടെത്തിയത്. പിന്നീട് മറ്റൊരു വാഹന യാത്രക്കാരന്‍ കോളിക്കടവ് ടൗണിനടുത്ത് നിന്നു പുലി റോഡ് മുറിച്ച് കടന്ന് തെങ്ങോല റോഡിലേക്ക് പോയതായും പറഞ്ഞു. രാത്രി വിവരമറിഞ്ഞ് വനപാലകരും ഇരിട്ടിപൊലിസും സ്ഥലത്തെത്തിയിരുന്നു. ആറളം വന്യജീവി സങ്കേതത്തിലുണ്ടായ കാട്ടുതീയും കടുത്ത വരള്‍ച്ചയും മൂലം കുടിവെള്ളം കിട്ടാത്തതും വന്യജിവികളെ നാട്ടിലേക്കിറങ്ങാന്‍ ഇടയാക്കുന്നുണ്ട്. തിലങ്കേരി മേഖലയിലും കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയവ മലയോര മേഖലയിലെ ജനവാസ മേഖലയിലിറങ്ങി മനുഷ്യജീവനെടുക്കുകയും ആക്രമണം നടത്തുകയും ചെയ്യുന്നതിന്നു പിന്നാലെയാണ് ഇപ്പോള്‍ പുലിഭീതിയും മലയോരവാസികളെ ആശങ്കയിലാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."