ആരാധനാലയങ്ങള്‍ തുറക്കുന്നു ആത്മഹര്‍ഷത്തില്‍ വിശ്വാസികള്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: കൊവിഡ് വ്യാപനം കാരണം മൂന്നു മാസത്തിലധികമായി ആരാധനകള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത പള്ളികള്‍ തുറന്നതോടെ വിശ്വാസികള്‍ ആത്മനിര്‍വൃതിയില്‍. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചും മുന്‍കരുതലുകളെടുത്തും ആരാധനാലയങ്ങള്‍ തുറക്കാന്‍ കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് അണുവിമുക്തമാക്കിയ ശേഷം പള്ളികളും ചര്‍ച്ചുകളും അമ്പലങ്ങളും തുറക്കുന്നത്.
പള്ളികള്‍ തുറക്കാനും ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാനും സമസ്ത കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് പല ഗ്രാമപ്രദേശങ്ങളിലും പള്ളികള്‍ തുറന്നത്. സമസ്തയുടെ നിബന്ധനകള്‍ പാലിച്ചാണ് പള്ളികളെല്ലാം തുറന്നത്. ചില മഹല്ലുകളില്‍ പള്ളികള്‍ ശുചീകരണത്തിനു ശേഷം ഇന്നു വിശ്വാസികള്‍ക്കായി തുറക്കും.
എന്നാല്‍, കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ നിബന്ധനകള്‍ പാലിക്കാന്‍ പ്രയാസമാകുന്ന പ്രദേശങ്ങളിലെ പള്ളികള്‍ തല്‍സ്ഥിതി തുടരാന്‍ സമസ്ത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ നിസ്‌കാരം നിര്‍വഹിക്കാന്‍ എത്തുന്നവരുടെ പേരു വിവരങ്ങള്‍ ശേഖരിക്കാനും മറ്റു നിയന്ത്രണങ്ങള്‍ പാലിക്കാനും കഴിയാത്ത നഗരങ്ങളിലെയും ചില ഗ്രാമപ്രദേശങ്ങളിലെയും പള്ളികളില്‍ തല്‍സ്ഥിതി തുടരുകയാണ്.
സമസ്തയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിവിധ മഹല്ല് ജമാഅത്തുകള്‍ യോഗം ചേര്‍ന്ന് വിപുലമായ സംവിധാനങ്ങളാണു നിസ്‌കാരത്തിനായി ഒരുക്കിയത്. ചില ഭാഗങ്ങളില്‍ ജനബാഹുല്യം കാരണം ജുമുഅ ഇല്ലാതെ മറ്റു നിസ്‌കാരങ്ങള്‍ തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. പാസ് സംവിധാനം ഏര്‍പ്പെടുത്തിയ പ്രദേശങ്ങളുമുണ്ട്. മദ്‌റസകളും മറ്റു സ്ഥാപനങ്ങളും ജുമുഅ നിസ്‌കാരത്തിനായി ശുചീകരിക്കാനുള്ള ഒരുക്കത്തിലാണു പല മഹല്ല് കമ്മിറ്റികളും. ആറ് അടി അകലം പാലിച്ചും മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുമാണ് പള്ളികള്‍ തുറക്കുന്നത്. തുറന്ന പള്ളികളില്‍ സമസ്തയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
എന്നാല്‍, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്‌ലാമി, വിസ്ഡം ഇസ്‌ലാമിക് മൂവ്‌മെന്റ് എന്നീ സംഘടനകള്‍ താല്‍ക്കാലികമായി തല്‍സ്ഥിതി തുടരാന്‍ തന്നെയാണ് തീരുമാനിച്ചത്. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാതെ വരികയാണെങ്കില്‍ പ്രധാന നഗരങ്ങളിലെ പള്ളികളിലെ ജുമുഅ കുറച്ച് ആഴ്ചകള്‍കൂടി നീട്ടിവെക്കാമെന്നും ഉള്‍നാടുകളില്‍ നിര്‍ദേശം പാലിച്ചു മാത്രം പ്രാര്‍ഥനകള്‍ നടത്തിയാല്‍ മതിയെന്നുമാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞത്.
എസ്.എന്‍.ഡി.പിക്കു കീഴിലുള്ള ക്ഷേത്രങ്ങളെല്ലാം ഇന്നു മുതല്‍ തുറക്കുമെന്നും നിര്‍ദേശങ്ങള്‍ പാലിച്ചു തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.സംസ്ഥാനത്തെ പല ക്രൈസ്തവ ചര്‍ച്ചുകളും ശുചീകരണത്തിനു ശേഷം ഇന്നു തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."