ഷംനയുടെ മരണം: എം.എസ്.എഫ് രാപ്പകല്‍ സത്യഗ്രഹം 25ന്
കണ്ണൂര്‍: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി ശിവപുരത്തെ ഷംന തസ്‌നീമിന്റെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാകമ്മിറ്റി കലക്ടറേറ്റിനു മുന്നില്‍ സംഘടിപ്പിക്കുന്ന 48 മണിക്കൂര്‍ രാപ്പകല്‍ സത്യഗ്രഹം 25നു ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്യും. സംഭവത്തില്‍ ഇതുവരെ നടന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും അന്വേഷണം ഊര്‍ജിതമാക്കി കുറ്റക്കാരെ കണ്ടെത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ അടയന്തരമായി ഇടപെടണമെന്നും ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്കു വീഴ്ച പറ്റി. അതു മറയ്ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്.
മകളുടെ മരണത്തില്‍ ഷംനയുടെ പിതാവ് അബൂട്ടി നടത്തുന്ന പോരാട്ടത്തിനു എം.എസ്.എഫിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. അടിയന്തര നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കും. 21നു മണ്ഡലം തലത്തില്‍ നീതിജ്വാല പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. നീതി ലഭിക്കാത്ത പക്ഷം സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ജില്ലാ പ്രസിഡന്റ് സി.കെ നജാഫ്, ജനറല്‍സെക്രട്ടറി ഷജീര്‍ ഇക്ബാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."