വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടം: 14 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ അടക്കം കൊച്ചിയിലേക്ക് കൂടുതല്‍ സര്‍വിസുകള്‍
നെടുമ്പാശേരി: വിദേശത്തു കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്ന ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ 14 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ അടക്കം കൊച്ചിയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തും. ഗള്‍ഫ്, ഓസ്‌ട്രേലിയ, യൂറോപ്പ് മേഖലകളില്‍നിന്നാണ് കൂടുതല്‍ വിമാനങ്ങള്‍ നെടുമ്പാശേരിയിലെത്തുന്നത്. വിവിധ കമ്പനികളും വിദേശ മലയാളികളുടെ കൂട്ടായ്മകളും ചേര്‍ന്നാണ് പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുള്ളത്.
ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെ സ്വീകരിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി സിയാല്‍ അറിയിച്ചു. ജൂണ്‍ 9 മുതല്‍ 21 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 15 വിമാനങ്ങള്‍ ഗള്‍ഫില്‍നിന്ന് നെടുമ്പാശേരിയിലേയ്ക്ക് സര്‍വിസ് നടത്തും. അബുദാബി, സലാല, ദോഹ, കുവൈത്ത്, ദുബൈ, മസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രവാസികളുമായി എത്തുന്നത്.
ഈ മാസം 11, 13, 20 തിയതികളില്‍ സിംഗപ്പൂരില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെത്തും. എയര്‍ ഇന്ത്യ നേരത്തെ നിശ്ചയിച്ചിരുന്ന പട്ടികയില്‍ സിഡ്‌നി, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വിസുകളും ചേര്‍ത്തിട്ടുണ്ട്. ജൂണ്‍ 23 നാണ് സിഡ്‌നിയില്‍നിന്ന് ഡല്‍ഹി വഴി വിമാനം നെടുമ്പാശേരിയിലെത്തുന്നത്. 29ന് വിയറ്റ്‌നാമില്‍നിന്നുള്ള രണ്ടാമത്തെ വിമാനവും എത്തും. ആദ്യ വിമാനം ഏഴാം തിയതി എത്തിയിരുന്നു.
ജൂണ്‍ 10 മുതല്‍ 18 വരെയാണ് 14 ചാര്‍ട്ടര്‍ വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ എത്തുന്നത്. ഈ വിമാനങ്ങള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചാല്‍ മൂവായിരത്തിലധികം പ്രവാസികള്‍ക്ക് ഈയാഴ്ച തന്നെ നാട്ടിലെത്താനാകും. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമേ, അള്‍ജീരിയ, ഘാന, താജിക്കിസ്താന്‍ എന്നിവിടങ്ങളില്‍നിന്നും നെടുമ്പാശേരിയിലേയ്ക്ക് സര്‍വിസുകള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."