ഗൃഹശ്രീ പദ്ധതിയോട് ചിറ്റമ്മനയമെന്ന് ആക്ഷേപം
ഗൃഹശ്രീ തൊഴിലുറപ്പ് പദ്ധതി ആനുകൂല്യം ലഭിക്കുന്നില്ല; അലനല്ലൂരില്‍ ലക്ഷക്കണക്കിന് രൂപ പാഴാവുന്നു
മണ്ണാര്‍ക്കാട്: ഗൃഹശ്രീ പദ്ധതി ഗുണഭോക്താക്കള്‍ക്ക് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നല്‍കേണ്ട ആനൂകൂല്യം ലഭിക്കുന്നില്ലെന്ന ആക്ഷേപമുയരുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കളാണ് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ഭവന നിര്‍മ്മാണത്തിന് തൊഴിലുറപ്പ് പദ്ധതിയിലെ ആനുകൂല്യം ലഭിക്കാതെ പദ്ധതി തുക പാഴാവുന്നത്.
അപേക്ഷ സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരുദിവസത്തെ മസ്റ്റര്‍ റോള്‍ പോലും നല്‍കിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്. അന്‍പതോളം ഗുണഭോക്താക്കള്‍ തങ്ങളുടെ ആനുകൂല്യത്തിന് മാസങ്ങള്‍ക്ക് മുന്‍പേ അപേക്ഷ നല്‍കിയിട്ടും നടപടികളെടുത്തിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ദുര്‍ബല, താഴ്ന്ന വരുമാന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സന്നദ്ധ സംഘടനകള്‍, എന്‍.ജി.ഒ, കാരുണ്യവാന്‍മാരായ വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെ വീട് നിര്‍മ്മാണത്തിന് രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന പദ്ധതിയാണ് ഗൃഹശ്രീ എന്ന ഭവന പദ്ധതി.
സ്വന്തമായി രണ്ട് സെന്റ് മൂന്ന് സെന്റ് ഭൂമിയെങ്കിലും കൈവശമുളള ദുര്‍ബല വിഭാഗം (ഇ.ഡബ്ലിയു.എസ്), താഴ്ന്ന വരുമാന വിഭാഗം (എല്‍.ഐ.ജി) എന്നിവര്‍ക്കാണ് പദ്ധതി പ്രകാരം ഭവന നിര്‍മ്മാണ ബോര്‍ഡ് വീട് അനുവദിച്ചുവരുന്നത്. കൂടാതെ അപേക്ഷകര്‍ കൈവശ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ലോക്കേഷന്‍ മാപ്പ്-സര്‍ട്ടിഫിക്കറ്റ്, കുടിക്കിട സര്‍ട്ടിഫിക്കറ്റ്, വീട് നിര്‍മ്മാണത്തിന് അപേക്ഷകനൊ കുടുംബാംഗങ്ങള്‍ക്കൊ ഇതുവരെ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറി വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ്, വാസയോഗ്യമായ വീടില്ലെന്ന സര്‍ട്ടിഫിക്കറ്റ്, ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നിന്ന് വീട് നിര്‍മ്മാണത്തിനുളള പെര്‍മിറ്റ് എന്നിവ അപേക്ഷയോടൊപ്പം നല്‍കുകയും വേണം.
ഇന്ദിര ആവാസ് യോജന പദ്ധതി പോലെ വിവിധ ഘട്ടങ്ങളിലായാണ് ഗൃഹശ്രീ പദ്ധതി തുകയും അതാത് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് അനുവദിക്കുന്നത്. നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും വകുപ്പുതല ഉദ്ദ്യോഗസ്ഥര്‍ പരിശോധിച്ചാണ് തുക അനുവദിക്കുന്നത്.
വീടിന്റെ തറയുടെ പ്രവര്‍ത്തിക്ക് 28 ദിവസം, ചുമര്‍ നിര്‍മ്മാണ ഘട്ടത്തിന് 24 ദിവസം, മേല്‍ക്കൂര കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 10 ദിവസം, പ്രവര്‍ത്തി മുഴുവനായും പൂര്‍ത്തിയായാല്‍ 28 ദിവസമടക്കം, 90 ദിവസത്തെ തൊഴിലിനുളള മസ്റ്ററോളാണ് ഐ.എ.വൈ ഭവന നിര്‍മ്മാണത്തിന് അനുവദിക്കുന്നത്.
ഈ മാനദണ്ഡത്തിലാണ് സര്‍ക്കാര്‍ സഹായത്തോടെയുളള ഗൃഹശ്രീ, ന്യൂനപക്ഷ, എസ്.സി, എസ്.ടി ഭവന നിര്‍മ്മാണത്തിനും തൊഴിലുറപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്. ഇതുപ്രകാരം ഒരു ഗുണഭോക്താവിന് ഒരു ദിവസത്തിന് 240 രൂപ നിരക്കില്‍ 90 ദിവസത്തെ 21600 രൂപയാണ് ലഭിക്കാതെ പോവുന്നത്. തൊഴിലുറപ്പ് നിയമം പുതുക്കിയ പട്ടിക ഒന്ന്, രണ്ട് പ്രകാരം കാറ്റഗറി രണ്ട് ബിയില്‍ ഇന്ദിരാഭവന പദ്ധതി, സംസ്ഥാന കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കുന്ന മറ്റ് ഭവന പദ്ധതികള്‍ക്ക് ആവശ്യമായ തൊഴിലാളികളെ പ്രദാനം ചെയ്യാവുന്നതാതെന്ന് പ്രതിബാധിക്കുന്നുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ വ്യക്തനായ മാനദണ്ഡങ്ങള്‍ ഇറക്കിയിട്ടുണ്ടെങ്കിലും അതൊന്നും തന്നെ നടപ്പിലാക്കാന്‍ അലനല്ലൂരിലെ അധികൃതര്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടികളുമെടുത്തിട്ടില്ല. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി 90 ദിവസത്തെ തൊഴില്‍ ദിനങ്ങളാണ് നല്‍കേണ്ടത്. എന്നാല്‍ ജില്ലയിലെ മറ്റുപഞ്ചായത്തുകളില്‍ ഇത്തരം ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയപ്പോഴും അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് മാത്രമാണ് പദ്ധതിയോട് ചിറ്റമ്മ നയം സ്വീകരിക്കുന്നത്.
ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗൃഹശ്രീ പദ്ധതി നടപ്പാക്കുന്ന വിവിധ സന്നദ്ധ സംഘടനകളുളള പഞ്ചായത്തുകൂടിയാണ് അലനല്ലൂര്‍. ഗൃഹശ്രീ പദ്ധതിയും, ന്യൂനപക്ഷ പദ്ധതികളിലുമായി 70 ഓളം ഗുണഭോക്താക്കളുണ്ടെന്നാണ് പറയപ്പെടുന്നത്.
ഇവരില്‍ ഗൃഹശ്രീ ഗുണഭോക്താക്കളില്‍ മിക്കവരും പാലക്കാട് ജില്ലാ ഹൗസിങ് ബോര്‍ഡില്‍ നിന്നും ഭവന നിര്‍മ്മാണം അനുവദിച്ചതായുളള ഉത്തരവിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി ആനുകൂല്യം ലഭിക്കുന്നതിനായുളള മസ്റ്റര്‍ റോളിന് കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."