ഖത്തറില്‍ സുന്ദരമായ പുഞ്ചിരിക്കും മുഖത്തിനും പ്ലാസ്റ്റിക് സര്‍ജറി തിരക്ക്
ദോഹ: ശരീരഘടന ശരിയാക്കാനും മുഖം സുന്ദരമാക്കാനും പ്ലാസ്റ്റിക്ക് സര്‍ജറിയെ ആശ്രയിക്കുന്ന ഖത്തര്‍ നിവാസികള്‍ വര്‍ധിക്കുന്നു. ഇപ്പോള്‍ കൂടുതല്‍ പേരും ആയിരക്കണക്കിന് റിയാല്‍ ചെലവിടുന്നത് പുഞ്ചിരി നന്നാക്കാന്‍. പുഞ്ചിരി മെച്ചപ്പെടുത്താനുള്ള ഡെന്റല്‍ വെനീര്‍, പല്ലു വെളുപ്പിക്കല്‍ തുടങ്ങിയ ചികില്‍സകള്‍ക്ക് കഴിഞ്ഞ മൂന്നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ഖത്തറില്‍ ആവശ്യക്കാര്‍ ഏറെ വര്‍ധിച്ചതായി നിരവധി ഡെന്റിസ്റ്റുകളെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു.
സോഷ്യല്‍ മീഡിയയുടെ സ്വാധീനം ശക്തമായതോടെ ഓണ്‍ലൈനില്‍ സ്വന്തം ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നത് വര്‍ധിച്ചത് ഇതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത് സെല്‍ഫിയുടെ കാലമാണ്. നിങ്ങളുടെ പുഞ്ചിരി എല്ലാവരും കാണുന്നു എന്നതു കൊണ്ടു തന്നെ പല്ലുകള്‍ പ്രധാനമാണ് വെസ്റ്റ്‌ബേയിലെ സ്‌പെഷ്യലിസ്റ്റ് ഡെന്റല്‍ സെന്ററില്‍ പ്രോസ്‌തോഡോണ്ടിസ്റ്റായ ഡോ. സാറ പറഞ്ഞു. പല്ലുകള്‍ മനോഹരമാക്കി പുഞ്ചിരി ഭംഗിയാക്കുന്നതിന് ഒരു വര്‍ഷം ശരാശരി 5000 റിയാല്‍ വരെ ചെലവിടാറുണ്ടെന്ന് ബിസിനസ് അനലിസ്റ്റ് ഫാത്തിമ അല്‍ബിനാലി പറഞ്ഞു. ഓരോ നാല് മാസവും 1700 റിയാല്‍ വരെ ചെലവാകും. പുഞ്ചിരി ഭംഗിയാക്കുന്നതിന് പ്രധാനമായും പല്ല് വെളുപ്പിക്കല്‍, ഡെന്റല്‍ വെനീര്‍, ലുമിനീര്‍സ് മുറകളാണ് പ്രയോഗിക്കുന്നത്. പല്ലിന്റെ ബാഹ്യരൂപവും നിറവും മാറ്റുന്നതിന് പല്ലുകള്‍ക്ക് പുറത്ത് സ്ഥിരമായ സെറാമിക പാളി കൊണ്ട് മൂടന്നതാണ് ഡെന്റല്‍ വെനീര്‍. ഇത് ചെയ്യും മുമ്പ് പല്ലിന്റെ ഇനാമല്‍ ചീവിക്കളയും. ലുമിനീര്‍സും വെനീറുകള്‍ക്കു സമമാണെങ്കിലും കുറച്ചു കൂടി കട്ടി കുറഞ്ഞതും കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കാവുന്നതുമാണ്.
വെനീറിന് ഒറ്റത്തവണയുള്ള ചെലവ് 3000 റിയാല്‍ മുതല്‍ 3,500 റിയാല്‍ വരെയും ലുമിനീര്‍സിന് ഏകദേശം 4,000 റിയാല്‍ വരെയുമാണ്. തന്നെ സമീപക്കുന്ന രോഗികളില്‍ പകുതിയോളം പേരും പുഞ്ചിരി മെച്ചപ്പെടുത്താനുള്ള വഴികള്‍ തേടുന്നുണ്ടെന്ന് വില്ലാജിയോ മാളിന് സമീപത്തെ യാറ മെഡിക്കല്‍ സെന്ററിലെ ഡെന്റിസ്റ്റ് ഡോ. ഷഹ്്‌നാസ് ഖാദര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 30 ശതമാനത്തിലേറെ കൂടുതലാണിത്. പുഞ്ചിരി നന്നാക്കുന്ന ട്രെന്‍ഡ് യുവജനങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. 20 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ ഇത്തരം ചികില്‍സ തേടി എത്തുന്നുണ്ട്.
അതേ സമയം, പുഞ്ചിരി ചികില്‍സയേക്കാള്‍ കൂടുതല്‍ പ്രാധാന്യം ദന്ത ശുചിത്വത്തിന് നല്‍കണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. പല്ലിന് പോടുള്ളവര്‍ ആദ്യം അത് അടക്കുന്നതിന് പകരം പല്ല് വെളുപ്പിക്കാനുള്ള ചികില്‍സ തേടുന്നതിന് ഉദാഹരണങ്ങളുണ്ടെന്ന് ഡോ. ഷഹ്്‌നാസ് ഖാദര്‍ പറഞ്ഞു. പല്ലുവെളുപ്പിക്കുന്ന ചികില്‍സയ്ക്ക് ചില പാര്‍ശ്വഫലങ്ങളുണ്ടെന്നും അനുഭവസ്ഥര്‍ പറയുന്നു. ഇനാമല്‍ നഷ്ടപ്പെടുന്നതു മൂലം പല്ലിന്റെ സെന്‍സിറ്റിവിറ്റി കൂടുന്നതാണ് ഒരു പ്രശ്‌നം. ചൂട് തട്ടുമ്പോഴും മറ്റും പ്രശ്‌നം അനുഭവപ്പെടുന്നുണ്ടെന്ന് അല്‍ബിനാലി പറഞ്ഞു.
ഖത്തറിലെ കുട്ടികള്‍ ദന്ത ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണെന്ന് കണക്കുകള്‍ പറയുന്നു. 2013ല്‍ നടത്തിയ ഒരു പഠനത്തില്‍ രാജ്യത്തെ പത്തില്‍ ഏഴ് കുട്ടികള്‍ക്കും പല്ല് കേടുവരുന്ന പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദന്ത പരിശോധന നിര്‍ബന്ധമാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."