ഡിഫ്തീരിയ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു
പാലക്കാട്: സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ ഭീഷണിയായ ഡിഫ്തീരിയയുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുള്ളതായി ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ജയശ്രീ അറിയിച്ചു. തീരെ കുത്തിവയ്പ് എടുക്കാത്തവരോ ഭാഗികമായി മാത്രം എടുത്തവരോ ആയ അഞ്ച് വയസില്‍ താഴെയുള്ള 5,820 കുട്ടികള്‍ക്ക് ജൂലൈ 13 വരെ പ്രതിരോധ കുത്തിവയ്പ് നല്‍കിയതായി ഓഫിസര്‍ അറിയിച്ചു. മിഷ്യന്‍ ഇന്ദ്രധനുഷ് പദ്ധതി വഴി അങ്കണവാടി, സബ് സെന്ററുകള്‍ വഴിയാണ് കുത്തിവയ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഡിഫ്തീരിയ ലക്ഷണങ്ങളോടെ നാല് പേരാണ് ഇതിനകം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ മൂന്ന് പേര്‍ക്ക് ഡിഫ്തീരിയ രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ കൊപ്പം, ചളവറ, ചാലിശ്ശേരി, കോട്ടോപ്പുറം, തൃക്കിടീരി, വലപ്പുഴ, നെല്ലായ എന്നിവടങ്ങളിലാണ് ഡിഫ്തീരിയ കുത്തിവെപ്പ് എടുക്കാത്തവരില്‍ കൂടുതലുള്ളത്. ജില്ലയില്‍ എല്ലാ പി.എച്ച്.സി സെന്ററുകളിലും ഡി.പി.ടി, പെന്റാവാലന്റ് വാക്‌സിനുകള്‍ ലഭ്യമാണ്. പനി, തൊണ്ടവേദനയും പഴുപ്പും, കഴുത്തില്‍ കഴലകള്‍ തുടങ്ങിയവ ഡിഫ്തീരിയ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആവാനുള്ള സാധ്യതയാണ്. ഇത്തരം രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."