നഗരപരിധിയിലും കരിങ്കുന്നത്തും തെരുവുനായ ശല്യം രൂക്ഷം
തൊടുപുഴ: തൊടുപുഴ നഗരപരിധിയിലെ കാഞ്ഞിരമറ്റത്തും കരിങ്കുന്നം പഞ്ചായത്ത് മേഖലയിലും തെരുവുനായ ശല്യം രൂക്ഷം. കരിങ്കുന്നത്ത് കഴിഞ്ഞ ദിവസം വഴിയാത്രക്കാരെ തെരുവുനായ്ക്കള്‍ ആക്രമിച്ചിരുന്നു.
ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടി.കരിങ്കുന്നം ടൗണിലും പരിസരപ്രദേശങ്ങളിലുമാണ് തെരുവുനായ ശല്യം സമീപനാളില്‍ വര്‍ധിച്ചിരിക്കുന്നത്.ഇതോടെ ആളുകള്‍ക്ക് വഴിനടക്കാനാകാത്ത സാഹചര്യമാണ്.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ഏറെ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്.
കൂട്ടമായെത്തുന്ന നായ്ക്കളാണ് പലപ്പോഴും ആക്രമണകാരികളാകുന്നത്.തെരുവുനായ ശല്യം പ്രദേശത്ത് വര്‍ധിച്ചുവരുമ്പോഴും ആവശ്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. നേരത്തെ തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്നു ഇവയുടെ നിയന്ത്രണത്തിന് ആവശ്യമായ തുക തദ്ദേശ സ്ഥാപനങ്ങള്‍ വഴി അനുവദിക്കുകയും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ സമീപനാളില്‍ വീണ്ടും പഴയ സ്ഥിതിയായിരിക്കുകയാണ്.
തൊടുപുഴ നഗരസഭ പരിധിയില്‍ കാഞ്ഞിരമറ്റത്തും തെരുവു നായ്ക്കളുടെ ശല്യം അതി രൂക്ഷമാണ്. കൂട്ടമായെത്തുന്ന നായ്ക്കളാണ് ഇവിടെ ജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്. സ്‌കൂള്‍ കുട്ടികളും മറ്റും സഞ്ചരിക്കുന്ന പാതകളിലാണ് നായ്ക്കളുടെ വിളയാട്ടം.
കഴിഞ്ഞ ദിവസം വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ നായ് ആക്രമിച്ചിരുന്നു. നഗരസഭ പരിധിയില്‍ നിന്നും പിടി കൂടി വന്ധ്യംകരണം നടത്തുന്ന നായ്ക്കളെ ഈ മേഖലയില്‍ പുറത്തു വിടുന്നതാണ് തെരുവുനായ്ക്കളുടെ ശല്യം ഇത്ര കണ്ട് വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതിനാല്‍ വര്‍ധിച്ചു വരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."