കെ.എസ്.ടി.പി റോഡിലെ വാഹനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമാകുന്നു
കാഞ്ഞങ്ങാട്: ഒഴിഞ്ഞ ടാങ്കര്‍ ആയത് കൊണ്ട് മാത്രം വലിയൊരു ദുരന്തത്തില്‍നിന്ന് രക്ഷപെടുകയായിരുന്നു കാഞ്ഞങ്ങാട് നഗരം കഴിഞ്ഞ ഞായറാഴ്ച. ഇന്‍ഡ്യാന പാചക വാതക കമ്പനിക്കാരുടെ ടാങ്കര്‍ തലകീഴായി മറിഞ്ഞത് നഗര മധ്യത്തിലായിരുന്നു. ഒരു സോളാര്‍ വൈദ്യതിയുടെ പോസ്റ്റും തകര്‍ത്തു മുന്നോട്ട് പോയി ടാങ്കര്‍ മറിയുമ്പോള്‍ നന്നേ പുലര്‍ച്ചെ ആയതിനാല്‍ റോഡില്‍ ആളനക്കം കുറവായതും ഒരു ഭാഗ്യമായെന്ന് പറയാം. പകല്‍ സമയങ്ങളില്‍ വാഹനത്തിരക്ക് ഏറിയ ഭാഗമാണ് അപകടം നടന്നത്.
കെ.എസ്.ടി.പി പാത യുടെ നിര്‍മാണം അവസാന ഘട്ടത്തിലെത്തിയതോടെ കാഞ്ഞങ്ങാട് ചന്ദ്രഗിരി റൂട്ടില്‍ വിവിധ സ്ഥാപനങ്ങളുടെ ചരക്കു ലോറികളും എണ്ണക്കമ്പനികളുടെ ടാങ്കറുകളും രാവും പകലും എന്നില്ലാതെ ചീറിപ്പായുകയാണ്. കാഞ്ഞങ്ങാട്-ചന്ദ്രഗിരി പാത ജനസാന്ദ്രത കൂടിയ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. പ്രൈമറി വിദ്യാലയങ്ങളടക്കം നിരവധി വിദ്യാഭാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പാതയുടെ ഇരുവശത്തായും സ്ഥിതി ചെയ്യുന്നു. കെ.എസ്.ടി.പി റോഡിലൂടെ വലിയ വാഹനങ്ങള്‍ക് ആദ്യകാലത്ത് ഒരു ഉത്തരവിലൂടെ ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പെടുത്തിയിരുന്നെങ്കിലും കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ ആ നിരോധം നിലനിന്നുള്ളു.
പിന്നീടത് പകല്‍ സമയങ്ങളില്‍ മാത്രമായി നിജപ്പെടുത്തി. എന്നാല്‍ അതും ഇപ്പോള്‍ ലംഘിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. കുറഞ്ഞ പക്ഷം വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാനായി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെടുന്നു .
നിവേദനം നല്‍കി
കാഞ്ഞങ്ങാട് ഉദുമ നിയോജകമണ്ഡലങ്ങളുടെ യൂത്ത് ലീഗ് കമ്മിറ്റി ജില്ലാ കലക്ടര്‍ ജീവന്‍ ബാബുവിന്ന് നിവേദനം നല്‍കി. കണ്ടെയ്‌നറുകളെയും ചരക്കു വാഹനങ്ങളെയും ഇനിയും ഈ പാതയില്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടിക്ക് സംഘടന നേതൃത്വം നല്‍കേണ്ടി വരുമെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ നിവേദനത്തില്‍ പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അശ്രഫ് എടനീര്‍, സിക്രട്ടറി കബീര്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ശംസുദ്ധിന്‍ കൊളവയല്‍, സെക്രട്ടറി ബദറുദ്ദിന്‍ , ഉദുമ മണ്ഡലം പ്രസിഡന്റ് ഹാരിസ് തൊട്ടി , സിക്രട്ടറി റഊഫ് ബാവിക്കര എന്നിവരാണ് നിവേദക സംഘത്തിലുണ്ടായത്.
നിയന്ത്രിക്കണമെന്ന്
അടിക്കടി ഉണ്ടാകുന്ന അപകടങ്ങളെ കണക്കിലെടുത്തു , കാഞ്ഞങ്ങാട്-ചന്ദ്രഗിരി കെ.എസ്.ടി.പി പാതയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ദേശിയ മനുഷ്യാവകാശ സമിതി ഭാരവാഹികളായ എ. ഹമീദ് ഹാജി, പി.പി കുഞ്ഞബ്ദുല്ല, സലാം പുഞ്ചാവി, ഖാലിദ് കൊളവയല്‍ എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."