ബില്‍ഡിങ് പെര്‍മിറ്റ് റദ്ദാക്കാന്‍ കൗണ്‍സില്‍ തീരുമാനം
ഇരിങ്ങാലക്കുട: ഏറെ വിവാദമായ ബൈപാസ് റോഡിലെ കുപ്പിക്കഴുത്ത് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവയ്പിക്കാനും കെട്ടിടത്തിന്റെ പെര്‍മിറ്റ് റദ്ദാക്കാനും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. നഗരസഭാ നല്‍കിയ സ്റ്റോപ് മെമ്മോയും ധിക്കരിച്ചു നടത്തിയ നിര്‍മാണം കൗണ്‍സിലര്‍മാര്‍ ചേര്‍ന്നു തടഞ്ഞിരുന്നു. ഇതിനെതിരേ കോടതിയില്‍ നിന്ന് വിധി സമ്പാദിച്ചാണു വീണ്ടും നിര്‍മാണം ആരംഭിച്ചത്. സ്ഥലമുടമയുടെ സാന്നിധ്യത്തില്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗവും നടന്നിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കേണ്ട സ്ഥലത്ത് നിര്‍മാണം തുടരാന്‍ അനുവദിക്കാനാകില്ലെന്ന നഗരസഭാ നിലപാട് സ്വീകരിക്കാതെ വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. വിരമിച്ച മുന്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് ബൈപാസ് റോഡില്‍ ഇത്തരമൊരു നിര്‍മാണത്തിനു സ്ഥലം ഉടമയ്ക്കു പെര്‍മിറ്റ് ലഭിച്ചത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിര്‍മാണമാണെന്ന് ആരോപിച്ചാണ് ഇപ്പോള്‍ കൗണ്‍സില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ ചെയര്‍പേഴ്‌സന് മുന്നില്‍ പ്രതിഷേധം തുടരുകയായിരുന്നു.
നിര്‍മാണം നിര്‍ത്തിവയ്പിച്ചാല്‍ മാത്രമെ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളുവെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ അംഗങ്ങളുടേത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം വരെ എത്തിയ പ്രതിഷേധത്തിനൊടുവില്‍ പെര്‍മിറ്റ് റദ്ദ് ചെയ്യാന്‍ ഭരണപ്രതിപക്ഷം ഐക്യകണ്ഠമായി തീരുമാനിച്ചതായി ചെയര്‍പേഴ്‌സന്‍ കൗണ്‍സിലിനെ അറിയിക്കുകയായിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ പൊലിസിന്റെ സഹായം ആവശ്യപ്പെട്ടിട്ടും ലഭിച്ചിരുന്നില്ലെന്ന് ചെയര്‍പേഴ്‌സന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."