സതീഷ്ചന്ദ്രന്‍ പറയുന്നു 'ഭൂരിപക്ഷം ഒരു ലക്ഷം കവിയും, വാക്ചാതുരിയില്‍ ജനബന്ധം തകരില്ല'
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തന്റെ ഭൂരിപക്ഷം ഒരു ലക്ഷം കവിയുമെന്നും അതിനപ്പുറത്തെ കാര്യം രണ്ടാഴ്ച കഴിഞ്ഞുപറയാമെന്നും കെ.പി സതീഷ്ചന്ദ്രന്‍. കാസര്‍കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷത്തിന് ജനങ്ങളുമായി അഭേദ്യമായുള്ള ബന്ധമുണ്ട്. തനിക്കാണെങ്കില്‍ മണ്ഡലത്തിലെ ജനങ്ങളുമായി നാലര പതിറ്റാണ്ടിന്റെ ബന്ധമുണ്ട്. വാക്ചാതുരി കൊണ്ട് ഈ മണ്ഡലത്തില്‍ ഒന്നും ചെയ്യാനില്ല. പി. കരുണാകരന്‍ എം.പി മണ്ഡലത്തില്‍ എത്തിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചുതന്നെയാണ് വോട്ട് തേടുന്നത്. നാലര പതിറ്റാണ്ടിന്റെ ജനബന്ധം വാക്ചാതുരിയില്‍ തകരില്ലെന്നാണ് വിശ്വാസമെന്നും സതീഷ്ചന്ദ്രന്‍ പറഞ്ഞു. ഇടതുപക്ഷ പ്രവര്‍ത്തകരുടെ വോട്ട് മാത്രമല്ല, ഇടതുപക്ഷത്തിനു പുറത്തുള്ള മതേതര പ്രവര്‍ത്തരുടെ വോട്ടും തനിക്ക് ലഭിക്കും. ജില്ലയുടെ ചരിത്രത്തിലെ കണ്ണഞ്ചിപ്പിക്കുന്ന വിജയമായിരിക്കും ഉണ്ടാകാനിരിക്കുന്നത്. വികസനം മാത്രം മുന്നില്‍വച്ചാണ് വോട്ട് തേടുന്നത്. ബജറ്റിനുപുറത്തുള്ള 50000 കോടിയുടെ വികസനമാണ് ജില്ലയില്‍ മാത്രം ഉണ്ടാകാന്‍ പോകുന്നത്. കിഫ്ബിയിലൂടെ നിരവധി പദ്ധതികളാണ് നടപ്പാകാന്‍ ഇരിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരും പി. കരുണാകരന്‍ എം.പിയും നടപ്പാക്കിയ കണ്ണഞ്ചിപ്പിക്കുന്ന വികസനത്തിനാകണം വോട്ടെന്നും സതീഷ്ചന്ദ്രന്‍ പറഞ്ഞു. പ്രചാരണ ഘട്ടത്തില്‍ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. കാംപസുകളില്‍നിന്ന് നല്ല സ്വീകരണം ലഭിക്കുന്നത് ആശാവഹമാണ്. എസ്.എഫ്.ഐയ്ക്ക് സ്വാധീനമില്ലാത്ത കാംപസുകളില്‍നിന്ന് ലഭിക്കുന്ന സ്വീകാര്യത നല്ല ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ഇന്ത്യന്‍ പൗരന് ഇന്ത്യയില്‍ എവിടെ നിന്നും മത്സരിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് മത്സരിക്കുന്നതിനെ മറുനാട്ടുകാരന്‍ എന്ന നിലയില്‍ ഇടതുപക്ഷം ആക്ഷേപിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം സി.പി.എമ്മില്‍ അടിയൊഴുക്കുകളില്ലെന്നും എണ്ണയിട്ട യന്ത്രം പോലെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
പ്രസ്‌ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷനായി.
'കേന്ദ്ര സര്‍വകലാശാല ആര്‍.എസ്.എസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം'
പെരിയ കേന്ദ്ര സര്‍വകലാശാല ആര്‍.എസ്.എസിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്ന് കെ.പി സതീഷ്ചന്ദ്രന്‍ ആരോപിച്ചു. ആര്‍.എസ്.എസ് താല്‍പര്യം വളര്‍ത്താനാണ് കേന്ദ്ര സര്‍വകലാശാലയെ ഉപയോഗിക്കുന്നത്. ആര്‍.എസ്.എസുകാര്‍ക്ക് ജോലി ലഭിക്കാനും മറ്റുമാണ് കേന്ദ്ര സര്‍വകലാശാലയെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഈ നിലയ്ക്ക് മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."