പഠന പ്രൊജക്ടുമായി വിദ്യാര്‍ഥികള്‍ ക്ലോറിനേഷന്‍ വെള്ളത്തില്‍ കൊതുകുകള്‍ കൂടുന്നു
കണ്ണൂര്‍: കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കാന്‍ വേണ്ടി പലരും ക്ലോറിനേഷന്‍ ചെയ്യുന്ന രീതിയുണ്ട്. എന്നാല്‍ ആ അറിവു തെറ്റാണെന്നു തെളിയിക്കുകയാണു ജി.എച്ച്.എസ്.എസ് അഴീക്കോട് മീന്‍കുന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍.
ബ്ലീച്ചിങ് പൗഡറിട്ടു ക്ലോറിനേഷന്‍ ചെയ്ത വെള്ളത്തില്‍ കൊതുകു മുട്ടയിട്ടു വളരുന്നതു കൂടുതലാണെന്ന പഠനപ്രൊജക്ടാണു ഇവരുടേത്. സ്‌കൂളില്‍ ഉള്‍പ്പെടെ കൊതുകു ശല്യം വര്‍ധിച്ചതോടെ പഠിക്കാന്‍ ബുദ്ധിമുട്ടായപ്പോഴാണു കുട്ടികള്‍ കൊതുകു നശീകരണ മാര്‍ഗങ്ങള്‍ സംബന്ധിച്ചു ആലോചന തുടങ്ങിയത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഇ. തീര്‍ത്ഥ, അമല്‍ മന്മദന്‍, എന്‍.കെ ആദിത്ത്, പി.പി തേജസ്വിനി, എം. അമന്‍ എന്നിവരാണു പ്രൊജക്ടുമായി മുന്നിട്ടിറങ്ങിയത്. അധ്യാപികയായ ദീപ്തി രവീന്ദ്രനാണു കുട്ടികള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. വളപട്ടണം കേന്ദ്രമായി എടുക്കുകയും അവിടെയുള്ള ജലത്തിന്റെ ഗാഢത, കൊതുകു പെരുകാന്‍ സാഹചര്യമുള്ള ജലം, പി.എച്ച് മൂല്യം എന്നിവ പരിശോധിച്ചു. പ്രദേശത്തെ വെള്ളത്തിന്റെ പി.എച്ച് മൂല്യം 8.5 ആണ്, കുടിക്കാന്‍ ഉപയോഗിക്കാന്‍ പറ്റാത്ത വെള്ളമാണ് ഇവിടത്തെ കിണറുകളിലുള്ളത് എന്നിവ ഇതില്‍ നിന്നു കണ്ടെത്തി. പിന്നീട് കൊതുകു ട്രാപ്പുകള്‍ സ്ഥാപിച്ചു ഇത് നിരീക്ഷിച്ചു. ബ്ലീച്ചിങ് പൗഡറിട്ട വെള്ളത്തില്‍ ലാര്‍വ കൂടുതലും ഇവ അതി ജീവനശേഷി നേടിയെന്ന് കുട്ടികളുടെ പ്രൊജക്ട് വ്യക്തമാക്കുന്നു.
ഇത് തെളിഞ്ഞതോടെ കൊതുകു നശീകരണത്തിനായി ശീമക്കൊന്ന, ആര്യവേപ്പ്, തുളസി, വെളുത്തുള്ളി, ചെട്ടി, വേപ്പെണ്ണ, കര്‍പ്പൂരം എന്നിവ ഉപയോഗിച്ചു നിര്‍മിക്കുന്ന ലേപനം, ചന്ദനത്തിരി, ലായനി, പൗഡര്‍ എന്നിവ ഉണ്ടാക്കി സമൂഹത്തില്‍ എത്തിക്കാനുമാണു ഇവരുടെ പദ്ധതി. ശാസ്ത്രായനത്തിലേക്കു ഡി.ഇ.ഒ ഓഫിസില്‍ സമര്‍പ്പിച്ച 16 സ്‌കൂളുകളില്‍ നിന്നു നാല് സ്‌കൂളുകളുടെ പ്രൊജക്ടാണു തെരഞ്ഞെടുത്തത്. ഇവ സയന്‍സ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ സംസ്ഥാന തലത്തില്‍ മികച്ച ഇന്നവേറ്റീവ് പ്രൊജക്ടായി തെരഞ്ഞെടുക്കുകയും ചെയ്തു. ജില്ലയില്‍ നിന്നു തെരഞ്ഞെടുത്ത പ്രൊജക്ട് സംസ്ഥാനതലത്തില്‍ ശാസ്ത്രായനത്തില്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."