രാമു കാര്യാട്ട് സ്മാരകം: നിര്‍മാണത്തിന് നടപടി
വാടാനപ്പള്ളി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ രാമു കാര്യാട്ട് സ്മാരക നിര്‍മാണത്തിന് പ്രാഥമിക നടപടിയായി. കെ വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍നിന്ന് രണ്ടു കോടി രൂപ സ്മാരകത്തിനായി അനുവദിച്ചു. ഇതുസംബന്ധിച്ച് ചേറ്റുവ വഴിയോര വിശ്രമ കേന്ദ്രത്തില്‍ ആലോചനാ യോഗം ചേര്‍ന്നു. വിശ്രമ കേന്ദ്രത്തിനു പടിഞ്ഞാറ് പുഴയോരത്ത് നേരത്തെ റവന്യൂ വകുപ്പ് പഞ്ചായത്തിനു കൈമാറിയ ഇരുപത് സെന്റിലാണ് സ്മാരകം നിര്‍മിക്കുക. ദേശീയപാതയ്ക്ക് അരികിലായി രാമു കാര്യാട്ടിന്റെ പൂര്‍ണകായ വെങ്കല പ്രതിമയും സ്ഥാപിക്കും.
ശില്‍പ്പി മനോജ് കണ്ണൂര്‍ ശില്‍പ്പത്തിന്റെ മാതൃക പ്രദര്‍ശിപ്പിച്ചു. സംവിധായകന് കാമറയ്ക്കു പിന്നില്‍ നിന്ന് നിര്‍ദേശം നല്കുന്ന രൂപത്തിലാണ് ശില്‍പ്പം. 100 പേര്‍ക്ക് സിനിമ കാണാവുന്ന തിയറ്റര്‍, നാടകാവതരണത്തിനുള്ള വേദി, ഓഡിയോ, വിഡിയോ ലൈബ്രറി, രാമു കാര്യാട്ടിന്റെ ഫോട്ടോ ശേഖരം എന്നിവ ഉള്‍പ്പെടുന്നതാകണം സ്മാരകമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, രാമു കാര്യാട്ടിന്റെ കുടുംബാംഗം കൂടിയായ നടന് ദേവന്, നടന് വി.കെ ശ്രീരാമന്, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉദയ് തോട്ടപ്പുള്ളി, കര്‍ഷക സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എ ഹാരിസ് ബാബു, പഞ്ചായത്തംഗം സുമയ്യ സിദ്ദിഖ്, പി.ഡബ്ല്യു.ഡി അസി. എക്സി.എന്‍ജിനീയര്‍ ഹരിത യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."