കരിമ്പനകള്‍ വ്യാപകമായി മുറിച്ചുകടത്തുന്നു
പാലക്കാട്: പാലക്കാടിന്റെ പൈതൃകങ്ങളായ കരിമ്പനകള്‍ നാടുനീങ്ങുന്നു. തമിഴ്‌നാട്ടിലേക്കാണ് കരിമ്പനകള്‍ കടത്തുന്നത്. ചെങ്കല്‍ച്ചൂളകളിലേക്കും ഗൃഹോപകരണങ്ങളുണ്ടാക്കുന്നതിനും വേണ്ടിയാണ് പ്രധാനമായും കരിമ്പനകള്‍ കടത്തുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ കരിമ്പനകളാണ് കൂടുതലായും കടത്തപ്പെടുന്നത്. കരിമ്പനകള്‍ ഏറ്റവും കൂടുതലുള്ളത് ദക്ഷിണേഷ്യയിലാണ്. കരിമ്പനപ്പട്ടകള്‍ പുര മേയാനായി ഉപയോഗിച്ചിരുന്നു. പണ്ടുകാലത്ത് ഗ്രന്ഥങ്ങള്‍ എഴുതാനായി ഉപയോഗിച്ചിരുന്നത് കരിമ്പനയുടെ പട്ടകളാണ്. വീടുകളുടെ കഴുക്കോലായും കരിമ്പനകള്‍ ഉപയോഗിച്ചിരുന്നു. ഇവയുടെ തണ്ടിലെ നാരുകളുള്ള ഭാഗംകൊണ്ട് ഈര്‍പ്പത്തെയും ജൈവപ്രവര്‍ത്തനങ്ങളെയും പ്രതിരോധിക്കാന്‍ കഴിവുള്ള കയറുകളുണ്ടാക്കിയിരുന്നു.
കരിമ്പനകള്‍ ചെത്തി കള്ളുണ്ടാക്കുന്നത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗമായിരുന്നു. പനഞ്ചക്കരയുണ്ടാക്കാനും ഉപയോഗിച്ചിരുന്നു. കേരളത്തിന്റെ മിത്തുകളില്‍ യക്ഷികളുടെ ആവാസസ്ഥാനങ്ങളാണ് കരിമ്പനകള്‍. മുത്തശ്ശിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളായിരന്നു ഒറ്റപ്പനകള്‍. പനനൂറ് എന്ന അന്നജമടങ്ങിയ ഭക്ഷണ പദാര്‍ഥമുണ്ടാക്കുന്നത് മൂത്ത് പ്രായമായ പനയുടെ ഉള്ളിലെ ഇളംകാമ്പു മുറിച്ചാണ്. ഒ.വി വിജയന്റെ ഖസാക്കിന് ധിക്കാരം നല്‍കിയത് കരിമ്പനകളാണ്.
പരിസ്ഥിതിക്കും മനുഷ്യനും തണല്‍ നല്‍കുന്ന കരിമ്പനള്‍ കൊണ്ടുള്ള ഉപയോഗങ്ങള്‍ ഇനിയുമേറേയാണ്. വേനല്‍ചൂടിനെ ചെറുക്കാനും കരിമ്പനകള്‍ സഹായകമാണ്. ഇപ്പോള്‍ നഷ്ടപ്പെട്ട കരിമ്പനകളുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ ജില്ല ഇത്ര മാത്രം വിയര്‍ക്കില്ലായിരുന്നു. കൊല്ലങ്കോട്, നെന്മാറ, പട്ടഞ്ചേരി, മുതലമട, നല്ലേപ്പിള്ളി തുടങ്ങി ജില്ലയുടെ അതിര്‍ത്തി കാത്തിരുന്ന കരിമ്പനകള്‍ ഇന്ന് അന്യമായി. പ്രായമെത്താത്ത കരിമ്പനകളാണ് കത്തി കരിഞ്ഞതെന്ന വ്യാജേന മുറിച്ചുമാറ്റപ്പെടുന്നത്. ജില്ലയിലെ ചെങ്കല്‍ച്ചൂളകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ തമിഴ്‌നാട്ടിലേക്കാണ് ഇവ കയറ്റി അയക്കുന്നത്.
അധികൃതരുടെ കണ്‍മുന്‍പിലാണ് ഈ കരിമ്പനകള്‍ നാടുകടത്തപ്പെടുന്നത്. നഗരസഭയും ഒ.വി വിജയന്‍ സ്മാരക സമിതിയും കരിമ്പനകള്‍ വച്ചു പിടിപ്പിക്കുന്നതിന്റെ ആവശ്യകതകയള്‍ ഉയര്‍ത്തിപിടിക്കുമ്പോഴാണ് നിലവിലുള്ളവ അധികൃതരുടെ അനാസ്ഥമൂലം വംശനാശം സംഭവിച്ചുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."