ഇടുക്കിയില്‍ മഴ കുറഞ്ഞു; അണക്കെട്ടില്‍ വെള്ളവും
സ്വന്തം ലേഖകന്‍
തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ കേന്ദ്ര ജല കമ്മിഷന്‍ നിര്‍ദേശ പ്രകാരം ജൂണ്‍ 10ന് പരമാവധി അനുവദിച്ചിരിക്കുന്നത് 2373 അടി(76%) വെള്ളം. നിലവില്‍ സംഭരണിയിലുള്ളത് 2335.52 അടി (34%) വെള്ളമാണ്. അതായത് റൂള്‍ കേര്‍വിനേക്കാള്‍ 38.5 അടി കുറവ്.
ജൂലൈ 10 വരെ ഇതേ ജലനിരപ്പാണ് അനുവദിച്ചിരിക്കുന്നത്. മറ്റു ജില്ലകളില്‍ മഴ ശക്തമായപ്പോഴും ഇടുക്കിയില്‍ താരതമ്യേന കുറവ് മഴയാണ് ലഭിക്കുന്നത്. ഇന്നലെ വരെ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് (44% കുറവ്) ഇടുക്കിയിലാണ്. കാര്യമായ വെള്ളം ഈ മാസം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിട്ടില്ല.
പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് വലുപ്പമേറിയ 10 സംഭരണികളുടെ സംഭരണ ശേഷി നിജപ്പെടുത്തിക്കൊണ്ട് കേന്ദ്ര ജലകമ്മിഷന്‍ റൂള്‍ കേര്‍വ് പുറത്തിറക്കിയത്. ഇടുക്കി അടക്കമുള്ള പ്രധാന സംഭരണികളിലെ ജലശേഖരം ഉയര്‍ന്ന് നില്‍ക്കുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ഹൈക്കോടതി ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍ പോലുള്ള ഡാമുകളിലെല്ലാം ജലശേഖരം 30 ശതമാനത്തില്‍ താഴെയാണ്.
അതേസമയം സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം. കഴിഞ്ഞ മൂന്നു ദിവസമായി മഴയുടെ ശക്തി കുറഞ്ഞ് നില്‍ക്കുകയാണ്. വടക്കന്‍ കേരളത്തിലാണ് ഈ സമയം ചെറിയ തോതിലെങ്കിലും മഴ ലഭിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."