വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോയ ആദിവാസി സ്ത്രീയെ കാണാതായി
ഇരിട്ടി: മാക്കൂട്ടം ഗിരിജന കോളനിയിലെ ആദിവാസി സ്ത്രീയെ രണ്ടു ദിവസമായി കാണാതായതായി പരാതി. മാക്കൂട്ടം പൊലിസ് ചെക്ക്പോസ്റ്റിന് സമീപത്തെ ഗിരിജനക്കോളനിയിലെ സരോജിനി(85)യെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായതായി വീരാജ്പേട്ട പൊലിസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നോടെ മാക്കൂട്ടത്തെ കോളനിക്കു സമീപമുള്ള കാട്ടിലേക്ക് വിറക് ശേഖരിക്കാനായി സരോജിനി പോയതായി വീട്ടുകാര്‍ പറയുന്നു. തിരിച്ചു വരാഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ അന്ന് വൈകുന്നേരം തന്നെ ഇവിടെയുള്ള ചെക്ക് പോസ്റ്റിലെ കര്‍ണാടക പൊലിസിനെ വിവരം അറിയിച്ചിരുന്നു. വീരാജ്പേട്ട പൊലിസ് സ്റ്റേഷന് പരിധിയിലാണ് മാക്കൂട്ടം കോളനി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു ചുരം റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ വീരാജ്പേട്ട സ്റ്റേഷനില്‍ എത്താന്‍ കഴിയാഞ്ഞതിലാണ് ഇവിടുത്തെ പൊലിസ്, ഫോറസ്റ്റ് ചെക്ക്പോസ്റ്റുകളില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇവരാരും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ വിരാജ്പേട്ട സ്റ്റേഷനില്‍ എത്ത് പരാതി നല്‍കുകയായിരുന്നു. കോളനിയിലെത്തി പൊലിസ് തെളിവെടുത്തതല്ലാതെ മറ്റു നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് സരോജിനിയുടെ ബന്ധുക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."