അറബിക് അധ്യാപക പരീക്ഷാ സര്‍ട്ടിഫിക്കറ്റ് വൈകുന്നു; ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍
പെരിന്തല്‍മണ്ണ: കഴിഞ്ഞവര്‍ഷം നടത്തിയ അറബിക് ഭാഷാധ്യാപക പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇനിയും വിതരണം ചെയ്തില്ല.
പ്രൈമറി വിദ്യാലയങ്ങളിലേക്ക് പരീക്ഷാഭവന്‍ നേരിട്ട് നടത്തിയ അറബിക് ഭാഷാധ്യാപക പരീക്ഷയുടെ ഭാഗമായി 2019 മെയ് 16 മുതല്‍ 27വരെ നടത്തിയ അറബിക് ടീച്ചേഴ്‌സ് എക്‌സാമിനേഷന്‍ (എ.ടി.ഇ) പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റാണ് പരീക്ഷ കഴിഞ്ഞ് ഒരുവര്‍ഷം പിന്നിടുമ്പോഴും വിതരണം ചെയ്യാത്തത്.
കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷക്ക് ഉള്‍പ്പടെ അടിസ്ഥാന യോഗ്യതയായി കാണിച്ച് എ.ടി.ഇ പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികളില്‍, വിജയിച്ചവര്‍ക്ക് കെ.ടെറ്റ് പരീക്ഷാ വെരിഫിക്കേഷന്‍ സാധ്യമാകണമെങ്കില്‍ അറബിക് അധ്യാപക പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്ന് നിര്‍ബന്ധമാണെന്നിരിക്കെ ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലായിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ എ.ടി.ഇ പരീക്ഷ പൂര്‍ത്തീകരിച്ചിട്ടും ഫലപ്രസിദ്ധീകരണത്തിന് ഏഴുമാസത്തോളം കാത്തിരിക്കേണ്ടി വന്നിരുന്നു. ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധങ്ങള്‍ക്കും മുറവിളികള്‍ക്കുമൊടുവില്‍ കഴിഞ്ഞ ഡിസംബര്‍ അവസാനവാരത്തോടെയാണ് ഫലപ്രഖ്യാപനമുണ്ടായത്. തുടര്‍ന്ന് ഫെബ്രുവരി അഞ്ചിന് സൂക്ഷ്മ പരിശോധനാ ഫലവും പുറത്തുവിട്ടു. ഇതനുസരിച്ച് വിജയിച്ച ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതാത് പരീക്ഷാ കേന്ദ്രങ്ങള്‍ വഴിതന്നെ വിതരണം ചെയ്യുമെന്ന അറിയിപ്പുണ്ടായിരുന്നെങ്കിലും എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ നടത്തിപ്പിലേക്ക് നീങ്ങിയ പരീക്ഷാഭവന്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം മാര്‍ച്ച് അവസാനത്തിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
എന്നാല്‍, അപ്പോഴേയ്ക്കും കൊവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി ലോക്ക് ഡൗണും ഏര്‍പ്പെടുത്തിയതോടെയാണ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനായി ഉദ്യോഗാര്‍ഥികള്‍ക്ക് ഇത്രയും കാത്തിരിക്കേണ്ടി വന്നത്.
ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ സൂക്ഷ്മ പരിശോധനയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവരുള്‍പ്പെടെ 240 ഓളം പേരാണ് എ.ടി.ഇ പരീക്ഷയില്‍ വിജയിച്ചത്. ഇവരില്‍ മിക്കവരും കുറഞ്ഞ വിജയശതമാനം മാത്രമുള്ള കെ.ടെറ്റ് പരീക്ഷ വിജയിച്ച്, വെരിഫിക്കേഷന് എ.ടി.ഇ സര്‍ട്ടിഫിക്കറ്റ് കാത്തിരിക്കുന്നവരാണ് താനും.
ലോക്ക് ഡൗണ്‍ നിയന്ത്രങ്ങള്‍ പിന്‍വലിക്കുകയും എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ പൂര്‍ത്തീകരിച്ച് ഫലപ്രഖ്യാപനത്തിടുത്ത് വരെ എത്തിനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടുത്തമാസം ആദ്യത്തോടെയെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ നടപടികളുണ്ടാകണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."