മാക്കൂട്ടം ചുരം റോഡ്: ഗതാഗതം മൂന്നു ദിവസത്തിനകം പുനസ്ഥാപിച്ചേക്കും
ഇരിട്ടി: ഉരുള്‍പൊട്ടലില്‍ പാലങ്ങളും റോഡുകളും തകര്‍ന്ന മാക്കൂട്ടം ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ മൂന്ന് ദിവസം കൂടി വേണ്ടിവരും. താല്‍ക്കാലിക അറ്റകുറ്റപ്പണി പൂര്‍ത്തിയായെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റാത്തതുമാണ് റോഡ് തുറക്കാന്‍ വൈകുന്നത്. മാക്കൂട്ടം വനത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് മാക്കൂട്ടം-ഇരിട്ടി അന്തര്‍ സംസ്ഥാന റോഡുകളും പാലങ്ങളും തകര്‍ന്നത്. കഴിഞ്ഞ 12 മുതലാണ് ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചത്.
കര്‍ണാടക സര്‍ക്കാര്‍ ഇടപെട്ടാണ് തകര്‍ന്ന റോഡ് ദ്രുതഗതിയില്‍ അറ്റകുറ്റപ്പണി നടത്തുന്നത്. മൂന്നിടങ്ങളിലായായിരുന്നു റോഡ് തകര്‍ന്നത്. റോഡില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടായ സ്ഥലങ്ങളില്‍ മണല്‍ചാക്കുകള്‍ ഇട്ടാണ് അറ്റകുറ്റ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ചെറുവാഹനങ്ങളെ ഇന്നലെ നിയന്ത്രിത ഗതഗതാനുമതിയിലൂടെ കടത്തിവിടാനായിരുന്നു അധികൃതര്‍ ഉദ്ദേശിച്ചിരുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ പൊതുമരാമത്ത് അധികൃതര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം കലക്ടര്‍ നേരിട്ടെത്തി പരിശോധന നടത്തിയാല്‍ മാത്രമേ ചുരം റോഡിലൂടെ ചെറുവാഹനങ്ങളെ കടത്തിവിടുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."