പറപ്പൂക്കര ഇരട്ടക്കൊലപാതകം: വിചാരണ ഇന്നു മുതല്‍
തൃശൂര്‍: ബി.ജെ.പി. പ്രവര്‍ത്തകരായ 12 പേര്‍ ക്രിസ്മസ് ദിനത്തില്‍ പറപ്പൂക്കരയിലെ വീട്ടില്‍നിന്നും സുഹൃത്തുക്കളായ അഞ്ചുപേരെ വിളിച്ചറക്കി രണ്ടുപേരെ കൊലപ്പെടുത്തുകയും മൂന്നുപേരെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാരോപിച്ച് പുതുക്കാട് പൊലിസ് ചാര്‍ജ് ചെയ്ത ഇരട്ടക്കൊലപാതകക്കേസിന്റെ വിചാരണ ഇന്നു ഇരിങ്ങാലക്കുട അസി. സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.
2015 ഡിസംബര്‍ 25ന് വൈകിട്ട് 5.30ന് പറപ്പൂക്കരയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറപ്പൂക്കര ജൂബിലി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മേനാച്ചേരി മിഥുന്റെ 22 വയസുള്ള ഭാര്യയെ ബി.ജെ.പി പ്രവര്‍ത്തകനായ ശരവണന്‍ കളിയാക്കുകയും മുണ്ടു പൊക്കി കാണിക്കുകയും ചെയ്തതാണ് സംഭവത്തിനു കാരണം. ഇതിനെ മിഥുന്‍ ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ മിഥുനെയും കൂട്ടുകാരെയും തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്നു പറഞ്ഞ് വിളിച്ചുകൊണ്ടുവരികയും കൊലപാതകവും ആക്രമണവും നടത്തുകയുമായിരുന്നു. വാള്‍, ഇരുമ്പ് പൈപ്പ്, മരവടികള്‍, ബിയര്‍ കുപ്പികള്‍ എന്നീ മാരകായുധങ്ങളോടെ വാടകവീടിന് അരികിലുള്ള റോഡില്‍ വന്നുനിന്ന് ബി.ജെ.പി.യുടെ പ്രാദേശിക നേതാവായ സന്തോഷിന്റെ നേതൃത്വത്തില്‍ ഇറക്കിക്കൊണ്ടുവരികയായിരുന്നു.
തുടര്‍ന്ന് വരാക്കര സ്വദേശിയായ രായപ്പന്‍വീട്ടില്‍ കൊച്ചപ്പന്‍ മകന്‍ മെല്‍വിന്‍, മുരിയാട് തമാസിക്കുന്ന പനിയത്ത് വിശ്വനാഥന്‍ മകന്‍ വിശ്വജിത്ത് എന്നിവരെ വാള്‍കൊണ്ട് വെട്ടിയും പൈപ്പ് കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തുകയും മിഥുനെയും സുഹൃത്തുക്കളായ ശ്രീജിത്ത്, പ്രശാന്ത് എന്നിവരെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കൊല്ലാള്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. സി.ഐ വി. മരളീധരനാണ് പ്രതികളെ അറസ്റ്റ് ചെയ്യുകയും കേസന്വേഷണം നടത്തുകയും ചെയ്തത്. 54 സാക്ഷികള്‍ ഉള്ള കേസില്‍ സി.ഐ ഷാജുമോനാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ഡി. ബാബുവാണ് ഹാജരാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."