ഇരിക്കൂര്‍ താലൂക്ക് ആശുപത്രി മാറ്റം: പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം
ഇരിക്കൂര്‍: മലയോര മേഖലയിലെ പ്രധാന കിടത്തി ചികിത്സാ കേന്ദ്രവും ദിനംപ്രതി നൂറുക്കണക്കിനാളുകള്‍ ചികിത്സ തേടിയെത്തുന്നതുമായ ഇരിക്കൂര്‍ താലൂക്ക് ആശുപത്രി മാറ്റാനുള്ള നീക്കം രാഷ്ട്രീയ പോരിന് വഴിതുറയ്ക്കുന്നു. കഴിഞ്ഞ യു.ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് മുസ്‌ലിം ലീഗ്, യു.ഡി.എഫ്, പഞ്ചായത്ത് ഭരണസമിതി എന്നിവ സംയുക്തമായി നല്‍കിയ നിവേദനങ്ങളെ തുടര്‍ന്ന് മന്ത്രി കെ.സി.ജോസഫിന്റെ പ്രത്യേകതാല്‍പര്യപ്രകാരമായിരുന്നുഇരിക്കൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തെ കാഷ്വാലിറ്റിയോട് കൂടിയ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇരിക്കൂര്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.സി.ജോസഫ് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതിന്റെ പരസ്യ പ്രഖ്യാപനവും നടത്തിയിരുന്നു.താലൂക്ക് ആശുപത്രിയുടെ പ്രാരംഭ വികസന പദ്ധതികള്‍ക്കായി ഇതേ വര്‍ഷം പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായ് 55 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിക്കുകയും പണി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി എം.എല്‍.എ ഫണ്ടില്‍ നിന്നും ഏകദേശം ഒരു കോടി രൂപയോളം വീണ്ടും അനുവദിക്കുകയും ചെയ്തു. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഇടത് സര്‍ക്കാര്‍ പുറം തിരിഞ്ഞ് നില്‍ക്കുകയും ആശുപത്രിയുടെ വികസന പദ്ധതികള്‍ക്ക് ഫണ്ടനുവദിക്കാതിരിക്കുകയും ചെയ്തപ്പോള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.നസീറിന്റെ അഭ്യര്‍ഥന പ്രകാരം പ്രവാസലോകത്ത് പ്രവര്‍ത്തിക്കുന്ന കെ.എം.സി.സി., ഇരിക്കൂര്‍ മുസ്ലിം റിലീഫ് അസോസിയേഷന്‍, ഒലീവ് ഒമാന്‍, നന്മ ഇരിക്കൂര്‍ കൂട്ടായ്മ, ജി.സി.സി.കെ.എം.സി.സി എന്നിവരുടെ സഹായത്തോടെ ലക്ഷങ്ങളുടെ വികസന പദ്ധതികളാണ് ഇവിടെ പൂര്‍ത്തീകരിച്ചത്. കാഷ്വാലിറ്റി തസ്തികയില്‍ മൂന്ന് ഡോക്ടര്‍മാരെ നിയമിച്ചതൊഴികെ പ്രസവവാര്‍ഡ്, ലാബ്, എക്‌സറേ, കാഷ്വാലിറ്റി മുറി, സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍, നഴ്‌സിംഗ് തസ്തികകള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവ സ്ഥാപിക്കുവാനോ നിയമനം നടത്തുവാനോ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ആര്‍ദ്രം പദ്ധതി മുഖേന ഇരിക്കൂര്‍ താലൂക്ക് ആശുപത്രിയെ വീണ്ടും സാമൂഹികാരോഗ്യ കേന്ദ്രമാക്കി തരം താഴ്ത്താനും ഇരിക്കൂര്‍ ബ്ലോക്കില്‍ തന്നെയുള്ള മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള തീവ്രശ്രമങ്ങള്‍ അണിയറയില്‍ നടന്നുവരികയാണ്. ഇരിക്കൂര്‍ ആശുപത്രിയുടെ താലൂക്ക് പദവിയെ ഇല്ലാതാക്കാനുളള ഗൂഢശ്രമങ്ങളെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."