റേഷന്‍ കാര്‍ഡ് പുതുക്കല്‍: കാര്‍ഡുടമകള്‍ക്ക് വീണ്ടും 'പണി' വരുന്നു
വടകര: ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം റേഷന്‍ കാര്‍ഡുടമകള്‍ക്കു വീണ്ടും 'പണി' വരുന്നു. കാര്‍ഡ് പുതുക്കാനുള്ള നടപടികള്‍ മാസങ്ങള്‍ക്കു മുന്‍പേ തുടങ്ങിയതാണെങ്കിലും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ഇതിനാല്‍, നേരത്തെ രണ്ടുതവണ ഫോം പൂരിപ്പിച്ചു നല്‍കിയ കാര്‍ഡുടമകള്‍ക്ക് ഒരിക്കല്‍കൂടി വിവരങ്ങള്‍ നല്‍കേണ്ട സ്ഥിതിയാണ്.
നിലവിലുള്ള കാര്‍ഡിന്റെ കാലാവധി 2012ല്‍ അവസാനിച്ചതാണ്. പിന്നീട് കാര്‍ഡില്‍ സ്ഥലമുള്ളിടത്തെല്ലാം രേഖപ്പെടുത്തിയായിരുന്നു റേഷന്‍ വിതരണം. 2014-15 വര്‍ഷത്തേതു രേഖപ്പെടുത്താന്‍ ഒരു പേജ് റേഷന്‍ കടകള്‍ വഴി കാര്‍ഡുടമകള്‍ക്കു നല്‍കി. അതും കഴിഞ്ഞിട്ടു മാസങ്ങളായി. ഇതിനിടയില്‍ പുതിയ കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിരുന്നു. റേഷന്‍കട വഴി വിതരണം ചെയ്ത ഫോമില്‍ വിവരങ്ങളെല്ലാം എഴുതി നല്‍കിയെങ്കിലും കംപ്യൂട്ടര്‍ പ്രവൃത്തി ആരംഭിച്ചപ്പോള്‍ വിവരങ്ങളില്‍ തെറ്റുകളേറെയുണ്ടെന്നു വ്യക്തമായി. ഇതു പരിഹരിക്കാന്‍ വീണ്ടും മറ്റൊരു ഫോം വിതരണം ചെയ്ത് എഴുതി വാങ്ങി.
ഇതിനിടയില്‍ പലവട്ടം കാര്‍ഡ് വിതരണം ചെയ്യുന്ന മാസം വരെ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കാര്‍ഡില്‍ എല്ലാവരുടെയും ആധാര്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ വീണ്ടും അപേക്ഷ നല്‍കണമെന്നു മാസങ്ങള്‍ക്കു ശേഷം വീണ്ടുമൊരു അറിയിപ്പെത്തി. വെള്ളക്കടലാസില്‍ കാര്‍ഡ് ഉടമയുടെ പേര്, റേഷന്‍ ഷാപ്പ് നമ്പര്‍, അംഗങ്ങളുടെ പേരും ആധാര്‍ നമ്പരും എന്നിവ എഴുതി ഈ മാസം 15നകം റേഷന്‍ കടയിലെത്തിക്കണമെന്നാണു പറയുന്നത്. ഇതുമായാല്‍ തെറ്റില്ലാത്തൊരു കാര്‍ഡ് ലഭിക്കുമോ എന്നാണ് കാര്‍ഡുടമകളുടെ ചോദ്യം.
ഫോമില്‍ ഉടമകള്‍ രേഖപ്പെടുത്തിയ വിവരങ്ങളും അവര്‍ക്കു ലഭിക്കേണ്ട മുന്‍ഗണനയുമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് ആവശ്യം. ഇനി തെറ്റു തിരുത്താന്‍ സപ്ലൈ ഓഫിസ് കയറിയിറങ്ങാനുള്ള അവസരമുണ്ടാക്കരുതെന്ന് കാര്‍ഡുടമകള്‍ പറയുന്നു.
അതേസമയം, ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ഇനിയുമുണ്ടെന്നിരിക്കെ അത്തരക്കാരുടെ വിവരം എന്തുചെയ്യുമെന്നതിനും ഉദ്യോഗസ്ഥര്‍ക്കു വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."