മംഗലംതണ്ടില് ഒന്നര ഏക്കര്‍ റബര്‍ തോട്ടത്തില്‍ തീ പടര്‍ന്നു
പുതുക്കാട്: കല്ലൂരിലെ മംഗലംതണ്ടില് ചാരായം വാറ്റുന്നതിനിടെ പാചകവാതകം ചോര്‍ന്ന് തീപിടിത്തം. ഒന്നര ഏക്കര്‍ റബര്‍ തോട്ടത്തില്‍ തീപടര്‍ന്നു. ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം.
വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് റബര്‍തോട്ടത്തില്‍ തീപടരുന്നതുകണ്ട നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെയാണ് ചാരായം വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
ചാരായം വാറ്റുന്നതിനിടെയാണ് തീപിടിത്തമെന്ന് പുതുക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്സ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് എത്തുമ്പോള്‍ ഗ്യാസ് സിലിണ്ടറില്‍നിന്ന് തീ പടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. ചാരായം വാറ്റുന്നതിനുള്ള വാഷ്, രണ്ട് ചാക്ക് ശര്‍ക്കര, പാത്രങ്ങള്‍, ഗ്യാസ് സ്റ്റൗ എന്നിവ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
വാറ്റ് സംഘത്തിലെ അംഗങ്ങള്‍ തീപിടിത്തമുണ്ടായപ്പോള്‍ ഓടി രക്ഷപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ചാരായം വാറ്റുന്ന സ്ഥലത്തുനിന്ന് സംഘം മാറിയപ്പോള്‍ തീ പടര്ന്നതാകാനും സാധ്യതയുണ്ട്. വിദേശത്തുള്ള സ്വകാര്യ വ്യക്തിയുടെ പേരിലുള്ള സ്ഥലത്താണ് വാറ്റ് നടന്നിരുന്നത്.
രണ്ട് വര്‍ഷത്തിലേറെയായി ടാപ്പിങ് നടക്കാതിരുന്ന റബര്‍ തോട്ടം കാടുകയറിയ നിലയിലാണ്. റബര്‍ തോട്ടത്തിന്റെ ഏറ്റവും പിറകിലുള്ള ഭാഗത്തായതിനാല് പുറം ലോകവുമായി വലിയ ബന്ധമില്ലാതെയാണ് വാറ്റ് നടക്കുന്നത്.
തോട്ടത്തിനുള്ളില്നിന്ന് തീ ഉയര്‍ന്നപ്പോള്‍ മാത്രമാണ് നാട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് സിലിണ്ടര്‍ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സിലിണ്ടറിന്റെ റെഗുലേറ്റര്‍ കത്തിയുരുകിയ നിലയിലായിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വൈകിട്ട് നാലോടെ തീയണച്ചു. പുതുക്കാട് പൊലിസ്, എക്സൈസ് എന്നിവരും സ്ഥലത്തെത്തി. 1000 ലിറ്ററോളം വാഷ് എക്സൈസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തുവച്ച് നശിപ്പിച്ചു.
പുതുക്കാട് ഫയര്‍ഫോഴ്സ് അസി. സ്റ്റേഷന് ഓഫിസര്‍ ലോഹിതന്‍, ലീഡിങ്ങ് ഫയര്മാന് സുനില്‍, ഫയര്മാന്മാരായ അഭിലാഷ്, നിമിഷ്, അജാസുദ്ദീന്, വിജോയ്, ഹോംഗാര്‍ഡ് രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."